ഗുജറാത്ത് ഡി.ജി.പിക്കെതിരേ തെളിവുണ്ടെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: മുംബൈ കോളജ് വിദ്യാര്‍ഥിനി ഇശ്റത്ത് ജഹാനെയും മലയാളിയായ പ്രാണേഷ് പിള്ളയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഡി.ജി.പി പി.പി പാണ്ഡ്യേ സമര്‍പ്പിച്ച ഹരജി സി.ബി.ഐ എതിര്‍ത്തു. കേസില്‍ പാണ്ഡ്യേക്കു നേരിട്ടും അല്ലാതെയും പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന് സി.ബി.ഐ അറിയിച്ചു. അഹമ്മദാബാദിലെ മിര്‍സാപൂരിലുള്ള പ്രത്യേക സി.ബി.ഐ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
തന്നെ സംസ്ഥാന പൊലിസില്‍ തിരിച്ചെടുക്കുകയും ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്ത സര്‍ക്കാരിന്റെ നടപടി പരിഗണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് പാണ്ഡ്യേ ആവശ്യപ്പെട്ടിരുന്നു. കേസിലെ 105 സാക്ഷികളെ ചോദ്യംചെയ്തെങ്കിലും ആരും തനിക്കെതിരേ മൊഴിനല്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൃക്സാക്ഷി മൊഴികള്‍ പാണ്ഡ്യേയുടെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അപേക്ഷയെ സി.ബി.ഐ എതിര്‍ത്തു. കേസില്‍ ഈ മാസം 16നു വീണ്ടും വാദംകേള്‍ക്കും. 2004 ജൂണ്‍ 15നാണ് ഇശ്റത്ത് ജഹാന്, ആലപ്പുഴ സ്വദേശി പ്രാണേഷ് പിള്ള, പാക് പൗരന്മാരെന്നു കരുതുന്ന ഷീഷാന്‍ ജൗഹര്‍, അംജദ് അലി റാണ എന്നിവരെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്കര്‍ ഭീകരര്‍ എന്നാരോപിച്ച് ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."