വാട്സ് ആപ്പ് കോള്‍ നിരോധനം: വാര്‍ത്ത വ്യാജം
ദോഹ:വാട്സ് ആപ്പ്, ഐ.എം.ഒ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ കോളിങ് സംവിധാനം ഖത്തര്‍ നിരോധിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തവ്യാജം. ഖത്തറിലെ ഇംഗ്ലിഷ് പത്രമായ ദി പെനിന്‍സുലയുടെ ലിങ്ക് സഹിതമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍, അങ്ങനെയൊരു വാര്‍ത്ത തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പത്രം വ്യക്തമാക്കി.
വ്യാജ വാര്‍ത്തയോടൊപ്പം പ്രചരിപ്പിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പെനിന്‍സുലയുടെ ഹോം പേജിലേക്കാണ് പോകുന്നത്. ഇത്തരം വാര്‍ത്തകള്‍ കിട്ടിയാല്‍ ഫോര്‍വേര്‍ഡ് ചെയ്യും മുന്‍പ് സത്യാവസ്ഥ പരിശോധിക്കണമെന്നു പത്രത്തിന്റെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പില്‍ പറയുന്നു. നേരത്തെയും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇന്ത്യയില്‍ നോട്ട് നിരോധിച്ച സമയത്ത് ചില സ്വകാര്യ ബാങ്കുകളിലെ ഖത്തര്‍ ബ്രാഞ്ചുകളില്‍ പഴയ നോട്ടുകള്‍ മാറാനാവുമെന്ന വാര്‍ത്തയായിരുന്നു അതിലൊന്ന്. നിരവധി അന്വേഷണങ്ങള്‍ വന്നതിനെ തുടര്‍ന്ന് ബാങ്കുകളും മാധ്യമങ്ങളും വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
അടുത്ത ദിവസങ്ങളിലാണ് ഖത്തറില്‍ സുനാമിക്ക് സാധ്യതയെന്ന മട്ടില്‍ മറ്റൊരു വാര്‍ത്ത പ്രചരിച്ചത്. ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് തന്നെ വിശദീകരണക്കുറിപ്പിറക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."