സഊദിയില്‍ ജനന സര്‍ട്ടിഫിക്കറ്റിന് ഇനി ആശുപത്രി രേഖകള്‍ വേണ്ട
#നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗം സുതാര്യമാക്കി. ആശുപത്രികളില്‍നിന്നുള്ള ബെര്‍ത്ത് നോട്ടിഫിക്കേഷന്‍ രേഖ ഇനി മുതല്‍ സിവില്‍ അഫയേഴ്‌സ് ഓഫിസില്‍ ഹാജരാക്കേണ്ടതില്ല. ആശുപത്രികളും സിവില്‍ അഫയേഴ്‌സ് ഓഫിസുകളും ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ മുഖേന ബന്ധിപ്പിച്ചതായി രജിസ്‌ട്രേഷന്‍ വിഭാഗം വക്താവ് മുഹമ്മദ് അല്‍ജാസിര്‍ അറിയിച്ചു.
ജനനം നടന്നയുടനെ പിതാവ് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജനിച്ച കാര്യം രജിസ്റ്റര്‍ ചെയ്യണം. ഈ നോട്ടിഫിക്കേഷന്‍ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തിന് നേരിട്ട് ലഭിക്കും. നേരത്തെ ഇതിന്റെ രേഖ രക്ഷിതാവ് ഹാജരാക്കണമായിരുന്നു. ആശുപത്രിയിലെ നോട്ടിഫിക്കിഷേന്‍ രജിസ്‌ട്രേഷന് ശേഷം അബ്ശിര്‍ വഴി തിയതിയും സമയവും സിവില്‍ രജിസ്‌ട്രേഷന്‍ ഓഫിസും തെരഞ്ഞെടുക്കാം. ശേഷം ആവശ്യമായ രേഖകള്‍ സഹിതം നിശ്ചിത ഓഫിസില്‍ ചെല്ലുക. ഇവിടെ രക്ഷിതാക്കളുടെ അസ്സല്‍ പാസ്‌പോര്‍ട്ടും ഇഖാമയും അപേക്ഷ ഫോമും നല്‍കിയാല്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജനനം നടന്ന് മുപ്പത് ദിവസത്തിനകം തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വൈകിയാല്‍ പിഴയുണ്ടാകും.
നേരത്തെ അബ്ശിര്‍ വഴി തിയതിയും സമയവും ഓഫിസും തെരഞ്ഞെടുത്ത ശേഷം നിശ്ചിത സമയത്ത് ഓഫിസില്‍ ഹാജരാകുമ്പോള്‍ ആശുപത്രിയില്‍നിന്ന് ലഭിച്ച ബെര്‍ത്ത് നോട്ടിഫിക്കേഷന്‍ നിര്‍ബന്ധമായിരുന്നു.
ജനനം നടന്ന് 30 ദിവസത്തിന് ശേഷമാണ് ഓഫിസില്‍ ഹാജരാകുന്നതെങ്കില്‍ 50 റിയാല്‍ പിഴ അടയ്ക്കണം. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത് വൈകിയാല്‍ ഒരോ വര്‍ഷത്തിനും 50 റിയാല്‍ വീതമാണ് പിഴ നല്‍കേണ്ടത്.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിന് പകരം മറ്റൊന്ന് ലഭിക്കണമെങ്കില്‍ പ്രാദേശിക അറബ് പത്രത്തില്‍ പരസ്യം നല്‍കി അബ്ശിര്‍ വഴി ഒരു മാസം കഴിഞ്ഞുള്ള തിയതിയും സമയവും സ്ഥലവും തെരഞ്ഞെടുത്താണ് സിവില്‍ ഓഫിസിലെത്തേണ്ടത്. ഈ സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തലും പൂര്‍ത്തിയാക്കിയ ശേഷം എംബസിയിലോ കോണ്‍സുലേറ്റിലോ സമര്‍പ്പിച്ച് ഇന്ത്യന്‍ ജനന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കണം. അതേ സമയം ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗം (അഹ്‌വാലുല്‍ മദനി) ലളിതമാക്കിയത് പ്രവാസികള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നും വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."