യൂസുഫ് കാക്കഞ്ചേരിക്ക് റിയാദ് തർഹീൽ മേധാവിയുടെ ആദരവ്
റിയാദ്: എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിക്ക് റിയാദ് തർഹീൽ മേധാവിയുടെ ആദരവ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി റിയാദ് ഇന്ത്യൻ എംബസിയുടെ തർഹീൽ (നാട് കടത്തൽ കേന്ദ്രം), ജയിൽ വിഭാഗം ഉദ്യോഗസ്ഥാനായി സേവനം ചെയ്തു വരുന്ന യൂസുഫ് കാക്കഞ്ചേരിയെ അദ്ദേഹത്തിന്റെ സേവന മികവ് കണക്കിലെടുത്താണ് തർഹീൽ മേധാവി നവാഫ് ബിൻ മുഹമ്മദ് അൽനഫീഇ പ്രത്യേക സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്.
സൗദി അറേബ്യയിലെ വിവിധ തർഹീലുകളിലും ജയിലുകളിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ നിയമ പ്രശ്നങ്ങളിൽ ഇടപ്പെടുകയും അവർക്ക് ആശ്വാസമായി വർത്തിക്കുകയും ചെയ്യുന്ന യൂസുഫ് ഇത്തരത്തിലുള്ള നിരവധി കേസുകളിൽ ഇടപ്പെട്ടിട്ടുണ്ട്. 2010 മുതലാണ് യൂസുഫ് ഈ ചുമതല ഏറ്റെടുക്കുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണമെ ന്നതിലുപരിയായി ഏറ്റെടുക്കുന്ന വിഷയങ്ങളിൽ ആത്മാർത്ഥമായി ഇടപ്പെടാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. പലപ്പോഴും കേസുകളിൽപ്പെട്ട് ജയിലിലെത്തിയവരെ അവിടെ സന്ദർശിക്കുന്ന സമയത്ത് കാണാനിടയാവുകയും പിന്നീട് അവർക്ക് വേണ്ടി നിയമ പരമായ സഹായം ചെയ്യുന്നതിനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കേസുകളുടെ നൂലാമാലകളെ കുറിച്ച് ഒന്നുമറിയാത്ത നിരവധി പേരെ അതിന്റെ വശങ്ങൾ ബോധ്യപ്പെടുത്തി നിയമപരമായ സഹായങ്ങൾ ചെയ്യാനും യൂസുഫിനായി. വർഷങ്ങളായി റിയാദിലെ ജയിലിൽ കഴിയുന്ന മലയാളി യുവാവിന്റെ മോചനത്തിനായി ജയിലുകളും കോടതിയും കയറിയിറങ്ങി കൊണ്ടിരിക്കുന്ന യൂസുഫ് ഹതഭാഗ്യരായ തടവുകാർക്ക് എന്നും ആശ്വാസവും പ്രതീക്ഷയുമായി പ്രവർത്തിച്ചു വരുന്നു.
എഴുത്തുകാരൻ കൂടിയായ യൂസുഫ് കാക്കഞ്ചേരി സാമൂഹ്യ പ്രവർത്തന രംഗത്തും പ്രവർത്തിച്ചു വരുന്നു. വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശം, കേരളത്തിന്റെ വികസന യത്‌നങ്ങളില്‍ നിങ്ങള്‍ സംതൃപ്തനാണോ, പ്രവാസിയും ദാമ്പത്യവും, സി.എച്ച് ഇല്ലാത്ത കാല്‍ നൂറ്റാണ്ട് :വീക്ഷണങ്ങളും പ്രസക്തിയും, മുഹമ്മദ് നബി (സ.അ) മാനവികതയുടെ കാവലാള്‍, സഹിഷ്ണുതയുടെ പ്രവാചകന്‍, സമകാലീന കേരള രാഷ്ട്രീയം ഒരു പൗര വിചാരണ, സ്വതന്ത്ര ഇന്ത്യ യുടെ മുന്നേറ്റം, പ്രവാസിയുടെ പ്രശ്‌നങ്ങള്‍ ഉത്തരം തേടുന്ന ചോദ്യം, സമകാലിക സമസ്യകള്‍ക്ക് പ്രവാചക സന്ദേശം, പ്രവാസിയും പുനരധിവാസവും, ന്യൂനപക്ഷ രാഷ്ട്രീയം - ദൗത്യവും നിയോഗവും, മഹാത്മജിയുടെ നൂറ്റിയമ്പതാം ജന്‍മ വാര്‍ഷികം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രവാസ ലോകത്ത് നടത്തിയ പ്രബന്ധ മല്‍സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഖൗലത്താണ് മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി സ്വദേശിയായ യൂസുഫിന്റെ ഭാര്യ.
മൂത്ത മകന്‍ സവാദ് ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. ഇളയമകന്‍ ഷാമില്‍ റിയാദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."