അശാസ്ത്രീയ മീന്‍പിടിത്തം; കുറ്റ്യാടിപ്പുഴയിലെ ജൈവ സമ്പത്ത് നശിക്കുന്നു
കുറ്റ്യാടി: അശാസ്ത്രീയമായ മീന്‍പിടിത്തം കാരണം കുറ്റ്യാടിപ്പുഴയിലെ ജൈവസമ്പത്ത് നശിക്കുന്നു.
തോട്ടപൊട്ടിച്ചും കിലോമീറ്ററുകളോളം ദൂരത്ത് തണ്ടാടി വലകള്‍ ഉപയോഗിച്ചും മീന്‍ പിടിക്കുന്നതാണ് പുഴയിലെ ജൈവസമ്പത്തിന് ദോഷകരമാവുന്നത്. കടുത്തവേനലില്‍ പുഴയിലെ വെള്ളം വറ്റിയതിനാല്‍ ഇടമുറിഞ്ഞ സ്ഥലങ്ങളിലാണ് ഇത്തരം അശാസ്ത്രീയമായ മീന്‍പിടിത്തം വ്യാപകമാവുന്നത്.
ചെറുമത്സ്യങ്ങള്‍, പാമ്പ്, ആമ, നീര്‍നായകള്‍, അപൂര്‍വയിനം തവളകള്‍ തുടങ്ങി പുഴയിലെ ജീവജാലങ്ങളാണ് ഇതുമൂലം ക്രമേണ നശിക്കുന്നത്. നിരോധിച്ച നൈലോണ്‍ വലകള്‍ ഉപയോഗിച്ചാണ് കുറ്റ്യാടിപ്പുഴയില്‍ വ്യാപകമായി മീന്‍പിടിക്കുന്നത്. ദിനംപ്രതി അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ രൂപയുടെ മത്സ്യങ്ങളാണ് ഇവിടെ നിന്നു പിടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ആരും പരാതിപ്പെടാത്തതിനാല്‍ പഞ്ചായത്ത് അധികൃതരോ മറ്റ് അധികാരികളോ ഇത്തരം വിഷയത്തില്‍ ഇടപെടാറില്ല.
പുഴയിലെ ജൈവഘടനയെ തകര്‍ക്കുന്ന തരത്തിലുള്ള മീന്‍പിടിത്തം തടയാന്‍ തണ്ടാടി വലകളും തോട്ടകളും ഉപയോഗിക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകരും പുഴസംരക്ഷണ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.
അതിനിടെ കടലില്‍ നിന്ന് ഉപ്പുവെള്ളം പുഴയിലേക്കു കയറുന്നതും ജൈവഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."