തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ നടപടികളായി സമ്പൂര്‍ണ സര്‍വേയ്ക്ക് തുടക്കം
പൊന്നാനി: പൊന്നാനി നഗരസഭയില്‍ തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ നടപടികളൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നഗരത്തിലെ തെരുവുകച്ചവടക്കാരുടെ സമ്പൂര്‍ണ സര്‍വേ ആരംഭിച്ചു.
പൊന്നാനി നഗരസഭയിലെ റോഡരികുകളില്‍ കച്ചവടം നടത്തി ഉപജീവന മാര്‍ഗം തേടുന്നവരെ ഒരു കുടക്കീഴില് കൊണ്ടുവന്ന് സ്ഥിരം സാമ്പത്തിക മാര്‍ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പുനരധിവാസ പദ്ധതി ആവിഷ്കരിക്കുന്നത്. പൊന്നാനിയില്‍ വിവിധയിടങ്ങളിലായി ആയിരക്കണക്കിന് തെരുവുകച്ചവടക്കാരാണുള്ളത്.
ദേശീയ നഗര ഉപജീവന മിഷന് പദ്ധതി പ്രകാരം തെരുവുകച്ചവടക്കാര്‍ക്കായി പ്രത്യേക സോണ്‍ നഗരസഭയില്‍ ആരംഭിക്കും. ഈ മേഖലയില്‍ കെട്ടിടം നിര്‍മിച്ച് വിപണന കേന്ദ്രവും തയ്യാറാക്കും. സര്‍വേയില്‍ കണ്ടെത്തുന്ന തെരുവുകച്ചവടക്കാര്‍ക്കായി നഗരസഭയുടെ കീഴില്‍ നൈപുണ്യ പരിശീലനവും നല്‍കും. തവനൂര്‍ ഐഡിയല്‍ കോളജിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികളാണ് സര്‍വേ നടത്തുക.
സര്‍വേയുടെ ഉദ്ഘാടനം കുണ്ടുകടവ് ജങ്ഷനില്‍ നഗരസഭാ ചെയര്മാന് സി.പി.മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ടി.മുഹമ്മദ് ബഷീര്‍, റീന പ്രകാശന്, പ്രതിപക്ഷ നേതാവ് എം.പി.നിസാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഗണേശന് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."