പ്ലാസ്റ്റിക് കാരിബാഗുകളുടെ നിയന്ത്രണം: വന്‍കിടസ്ഥാപനങ്ങളില്‍ പരിശോധന പ്രഹസനം
കൊല്ലം: സംസ്ഥാനത്തു പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും പരിശോധനകളില്‍നിന്നു വന്‍കിട കച്ചവടക്കാര്‍ രക്ഷപെടുന്നു.
ഹോട്ടലുകള്‍, തുണിക്കടകള്‍, പലവ്യജ്ഞന കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കം വ്യാപാരകേന്ദ്രങ്ങളില്‍ പേരിനു മാത്രമാണ് പരിശോധന നടത്താറുള്ളത്.
ചെറുകിട-ഇടത്തരം വ്യപാരസ്ഥാപനങ്ങളിലാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്.
24-9-2016ലെ സര്‍ക്കാര്‍ ഉത്തരവില്‍ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് പ്രകാരം വില്‍പന സാധനങ്ങള്‍ 50 മൈക്രോണില്‍ കുറയാത്ത കാരി ബാഗുകളില്‍ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളുവെന്നാണ് പറയുന്നത്.
വ്യാപാരികളും തെരുവു കച്ചവടക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഒരു മാസം കുറഞ്ഞത് 4000 രൂപ നിരക്കില്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് 48000 രൂപ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഫീസായി സര്‍ക്കാര്‍ ഈടാക്കും. ഇതുസംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി വിജ്ഞാപനം പുറപ്പെടുവിക്കണം. കാരി ബാഗുകളുടെ തോതനുസരിച്ച് കൂടുതല്‍ തുക പ്ലാസ്റ്റിക് മാലിന്യ പരിപാലനഫീസായി വ്യാപാരികളില്‍നിന്നും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഇടാക്കാമെന്നും ഉത്തരവിലുണ്ട്.
പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കു വില ഈടാക്കുമെന്ന വിവരം വ്യക്തമായ രീതിയില്‍ കച്ചവകടസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന തുക അതാത് സ്ഥലങ്ങളിലെ സുസ്ഥിര മാലിന്യ പരിപാലന സംവിധാനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താമെന്നും ഉത്തരവില്‍ പറയുന്നു.
വന്‍കിട സ്ഥാപനങ്ങള്‍ സ്വന്തം പേരില്‍ അച്ചടിച്ച പ്ലാസ്റ്റിക് കാരിബാഗുകളും വന്‍കിട സ്ഥാപനങ്ങളുടെ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടിച്ചെടുക്കാനോ പിഴയിടാനോ അധികൃതഭാഗത്തുനിന്നു നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ചെറുകിട-ഇടത്തരം കച്ചവടക്കാര്‍ ഉന്നിയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."