കശ്മിര്‍ മുന്‍ ഐ.എ.എസ് ഓഫിസര്‍ ഷാ ഫൈസലിനെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി
ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ കശ്മിരി നേതാവ് ഷാ ഫൈസലിന് മേല്‍ പൊതുസുരക്ഷാ നിയമം ചുമത്തി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14 മുതല്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പാര്‍ട്ടി നേതാവുകൂടിയായ ഷാ ഫൈസല്‍ കരുതല്‍ തടങ്കലിലാണ്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ ശ്രീനഗറിലെ എം.എല്‍.എ ഹോസ്റ്റലിലേക്കു മാറ്റിയിരുന്നു.
കോടതി നടപടികളിലേക്ക് കടക്കാതെ ഒരു വ്യക്തിയെ മൂന്ന് മാസം വരെ തടവില്‍ പാര്‍പ്പിക്കാന്‍ സാധിക്കുന്നതാണ് പൊതു സുരക്ഷാ നിയമം. ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരും അലി മുഹമ്മദ് സാഗര്‍, സര്‍താജ് മദനി, ഹിലാല്‍ ലോണ്‍ എന്നിവരും നിലവില്‍ പൊതുസുരക്ഷാ നിയമപ്രകാരം തടവിലാണ്.
ഒമര്‍ അബ്ദുള്ളക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയതു ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."