ലിവര്‍പൂളിനും ടോട്ടനത്തിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തിയത്. പരുക്ക് മാറി തിരിച്ചെത്തിയ സെനഗല്‍ താരം സാഡിയോ മാനേയുടെ ഗോളിലായിരുന്നു ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ മാനെ 100 ഗോള്‍ നേടുന്ന താരമാവുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ 3-2 എന്ന സ്കോറിന് ടോട്ടനം ആസ്റ്റണ്‍ വില്ലയെ തകര്‍ത്തു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ 94-ാം മിനുട്ടിലായിരുന്നു ടോട്ടനം വിജയ ഗോള്‍ കണ്ടെത്തിയത്. 9ാം മിനുട്ടില്‍ ടോട്ടനത്തിന്റെ ടോബിയുടെ സെല്‍ഫ് ഗോളില്‍ ആസ്റ്റണ്‍ വില്ല മുന്നിലെത്തി. എന്നാല്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ 27-ാം മിനുട്ടില്‍ ടോബി തന്നെ ഗോള്‍ മടക്കി സമനില പിടിച്ചു. ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ സണ്‍ ഹുന്‍ മിന് ഗോള്‍ നേടി ടോട്ടനത്തിന് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിക്ക് ശേഷം 53ാം മിനുട്ടില്‍ ഏംഗല്‍സിന്റെ ഗോളിലൂടെ ആസ്റ്റണ്‍ വില്ല സമനില കണ്ടെത്തി. 94-ാം മിനുട്ടില്‍ സണിന്റെ ഗോളില്‍ ടോട്ടനം ജയം ഉറപ്പിക്കുകയായിരുന്നു. ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."