അതിജീവിക്കാനാവാതെ സിറിയ
അതിജീവിക്കാനാവാതെ അനുദിനം പിടഞ്ഞുകൊണ്ടിരിക്കുകയാണ് സിറിയ. തലസ്ഥാനമായ ദമസ്‌കസിനേയും അലപ്പോവിനേയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹൈവേ ഇക്കഴിഞ്ഞ ആഴ്ചയില്‍ റഷ്യന്‍ പട്ടാളത്തിന്റെ സഹായത്തോടെ ഭരണകൂടം പിടിച്ചെടുത്തു. 2012 മുതല്‍ വിമതരുടെ നിയന്ത്രണത്തിലായിരുന്നു ഈ ഹൈവേയും ചുറ്റുപ്രദേശങ്ങളും. വിമതരായ ഫ്രീ സിറിയന്‍ ആര്‍മിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് തിരിച്ചുപിടിക്കാനുള്ള ശക്തമായ യുദ്ധമുഖത്താണിപ്പോള്‍ സിറിയ. അഞ്ച് ലക്ഷത്തോളമാളുകളെ കുരുതിക്ക് കൊടുത്ത സിറിയന്‍ യുദ്ധം അതിന്റെ ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ ജനസംഖ്യയുടെ ഏതാണ്ട് പകുതിയാളുകളെ(ഒരു കോടി 20 ലക്ഷമാളുകള്‍) ആട്ടിപ്പായിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം യുദ്ധം എവിടെയുമെത്താതെ ഇന്നും തുടരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ (ഒരുകോടിയിലധികം) മാറ്റിപ്പാര്‍പ്പിക്കപ്പെട്ട ജനതയുള്ള (സ്വദേശത്തുതന്നെ വിദൂര ഇടങ്ങളിലേക്ക്) സ്ഥലവും സിറിയയാണ്.
റഷ്യ ഇദ്‌ലിബില്‍ ചെച്‌നിയ ആവര്‍ത്തിക്കുകയാണെന്ന് വിലയിരുത്തുന്നവരുണ്ട്. റഷ്യന്‍ സഹായത്തോടെ ഭരണകൂടം വിമതര്‍ക്കെതിരായ ശക്തമായ പോരാട്ടം തുടരുകയാണ്. ഇദ്‌ലിബില്‍ വ്യത്യസ്ത തലങ്ങളിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്. വിവിധങ്ങളായ കര,നാവിക സേനകള്‍ ഈ പ്രദേശത്തെ മാത്രം ലക്ഷ്യംവയ്ക്കുന്നു. ഇദ്‌ലിബിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ നിര്‍ബന്ധിച്ച് പലായനം ചെയ്യിച്ചു. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്തതിനാല്‍ തുര്‍ക്കിക്കടുത്തുള്ള അഭയാര്‍ഥി ക്യാംപിലേക്ക് പോകാനാണ് അവരോട് ആവശ്യപ്പെടുന്നത്. എന്നാല്‍ അതിശൈത്യത്തില്‍ തണുത്തുറഞ്ഞും മരവിച്ചും പലര്‍ക്കും ജീവിതം പെരുവഴിയില്‍ ഹോമിക്കേണ്ടിവന്നു. ഈ ക്യാംപുകളിലെ സ്ഥിതിഗതികള്‍ അതിനേക്കാള്‍ പരിതാപകരമാണ്. യു.എന്‍ കണക്കുകള്‍ പ്രകാരം 30 ലക്ഷം ആളുകള്‍ ജീവിക്കുന്ന ഇദ്‌ലിബില്‍ നിന്ന് ഏഴ് ലക്ഷത്തോളം പേരെങ്കിലും കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ പലായനം ചെയ്തു. അസദിനെ താഴെയിറക്കാനുള്ള വിമതരുടെ ചെറുത്തുനില്‍പ്പിനു തുര്‍ക്കിയുടെ സഹായമുണ്ടെങ്കിലും ഇദ്‌ലിബ് ഏതാണ്ടെല്ലാം പാപ്പരായിത്തീര്‍ന്നു. ഒട്ടും ധാര്‍മികത അവശേഷിക്കാതെയാണ് മനുഷ്യക്കുരുതികള്‍ അരങ്ങേറുന്നത്. ഭരണകൂടം ഈ പോരാട്ടത്തിനു 'അവസാനയുദ്ധം' എന്നപേരിട്ടു. പക്ഷെ കുരുതികള്‍ അവസാനമില്ലെന്ന് മാത്രം.
ഉപരോധിതരുടെ വര്‍ത്തമാനങ്ങള്‍
സിറിയയില്‍ മദായ എന്നൊരു പ്രദേശമുണ്ട്. തലസ്ഥാന നഗരിയില്‍ നിന്ന് 40 കി.മീ ദൂരമുള്ള ലബനാന്‍ അതിര്‍ത്തിയിലുള്ള ഒരു കുന്നിന്‍ ചെരിവാണത്. ഇപ്പോള്‍ അവിടം മഞ്ഞുമൂടി കിടക്കുകയാണ്. എല്ലാ ശൈത്യകാലത്തും രണ്ടോ മൂന്നോ മാസം മഞ്ഞുറയുന്ന ഒരു കൊച്ചുദേശം. സുന്നികള്‍ ഭൂരിപക്ഷമുള്ള ഈ പ്രദേശത്തിന് പക്ഷെ സിറിയന്‍ യുദ്ധം ചാര്‍ത്തി നല്‍കിയത് ഭീതിതമായ ഒരു ചരിത്രവും അതിദയനീയമായ വര്‍ത്തമാനവുമാണ്. യുദ്ധത്തിന്റെ കാര്‍മേഘവും ഉപരോധത്തിന്റെ കരിമ്പുകയും ശ്വസിച്ച് അതിജീവിക്കാനാവാതെ പ്രയാസപ്പെടുകയാണ് ഇപ്പോഴും ഈ ദേശത്തെ ആയിരക്കണക്കിനാളുകള്‍.
2014 മുതലാണ് സിറിയന്‍ പട്ടാളവും ലബനാനിലെ ഹിസ്ബുല്ലയും ചേര്‍ന്ന് ഈ പ്രദേശത്തെ പ്രതിരോധത്തിലാക്കിയത്. ആഴ്ചകളോളം ഭക്ഷണം നല്‍കാതെ നരകിപ്പിച്ചു. യുദ്ധത്തിനിടെ ആയിരങ്ങള്‍ ഇവിടെനിന്ന് പലായനം ചെയ്തു. നൂറുകണക്കിനാളുകള്‍ പട്ടിണിയാല്‍ മരണപ്പെട്ടു. അന്താരാഷ്ട്ര ഇടപെടലുകളിലൂടെയാണ് ഇവര്‍ക്ക് ആശ്വാസത്തിനുള്ള ഭക്ഷണമെങ്കിലും ലഭ്യമായിരുന്നത്. പട്ടാളം വളഞ്ഞ ഗൂത്തയെ പോലുള്ള മറ്റൊരു പ്രദേശമാണിത്.
ജനീവ അന്താരാഷ്ട്ര മാനവ കരാര്‍ പ്രകാരം ഒരു ജനതയെ പട്ടാളം വളഞ്ഞുവച്ചാല്‍ അവര്‍ക്കാവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകള്‍ തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ ഉപരോധിക്കുന്നവര്‍ നല്‍കണമെന്ന നിയമം സിറിയയില്‍ പലപ്പോഴും പാലിക്കപ്പെട്ടിരുന്നില്ല. മൃഗീയമായാണ് ഈ ജനതയെ ഉപരോധിച്ചത്. ലോകമാധ്യമങ്ങള്‍ നിരന്തരം ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ സമ്മര്‍ദത്തില്‍ മാത്രമായിരുന്നു ഭക്ഷ്യസാധനങ്ങള്‍ നിറച്ച വാഹനങ്ങള്‍ ഇവിടേക്ക് കടത്തിവിട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും മദായ നരകയാതനയിലാണ്. പട്ടിണിയിലും മാരകരോഗങ്ങളാലും കഷ്ടപ്പെടുകയാണ് ഈ പ്രദേശത്തുകാര്‍.
മദായ വെറുമൊരു ഉദാഹരണമാണ്. സിറിയയിലെ സ്ഥിതിഗതികള്‍ ഇപ്പോഴും ഭയാനകമാണ്. യുദ്ധത്തിന്റെ കെടുതികളില്‍ നിന്നിനിയും കരകയറാനാവാതെ ആയിരക്കണക്കിനാളുകള്‍ സിറിയയില്‍ മരിച്ച് ജീവിക്കുന്നുണ്ട്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ബന്ധുവെങ്കിലും നഷ്ടപ്പെടാത്ത ഒരു കുടുംബവും രാജ്യത്ത് അവശേഷിക്കുന്നില്ല. മരണം, കാണാതാവല്‍, പരുക്ക് അതുമല്ലെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കല്‍ ചുരുക്കത്തില്‍ ഒരു പോറലുമേല്‍ക്കാത്ത ഒരു കുടുംബവും സിറിയയില്‍ ബാക്കിയായിട്ടില്ല.
വീടുകള്‍, ആശുപത്രികള്‍, കലാലയങ്ങള്‍, വെള്ളം, വൈദ്യുതി തുടങ്ങിയവക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ എല്ലാം ഒന്നുകില്‍ പാടെ നശിപ്പിക്കപ്പെട്ടു അല്ലെങ്കില്‍ കേടുപാടുകള്‍ വരുത്തിയ നിലയിലാണ്. ലക്ഷക്കണക്കിനാളുകളെ കാണാതായി. യുദ്ധത്തോടെ വേര്‍പ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളെ ഇനിയും ഒന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. മാനസിക വ്യഥയില്‍ കഴിയുന്നവരെ ചികിത്സിക്കാനും ആശ്വസിപ്പിക്കാനും ഒരു മനുഷ്യാവകാശ സംഘടനയും മുന്നോട്ട് വന്നിട്ടില്ല. ഇനിയെത്ര കാലം കഴിഞ്ഞാണ് ഈ ജനതയുടെ തീരാദുഃഖത്തിന് അറുതിയുണ്ടാവുക. എവിടേക്കാണ് സിറിയന്‍ സമൂഹം തിരിച്ച് പോവേണ്ടത്.
മേഖലയില്‍ യുദ്ധം തുടര്‍പ്രക്രിയായി നിര്‍ത്താന്‍ തന്നെയാണ് അന്താരാഷ്ട്ര ശക്തികള്‍ ശ്രമിക്കുന്നത്. ഒന്നിനുപുറകെ മറ്റൊരു വന്‍ശക്തി സിറിയയെ ഇപ്പോഴും ലക്ഷ്യമാക്കുന്നു. പ്രബലരല്ലെങ്കിലും വിഭാഗീയ ലക്ഷ്യങ്ങളോടെ ഇറാനും ലബനാനും സിറിയക്കു പിന്നാലെയുണ്ട്. തങ്ങളുടെ രാജ്യസുരക്ഷയും അതിര്‍ത്തി പ്രശ്‌നങ്ങളും ഉയര്‍ത്തി തുര്‍ക്കിയും ഗുലാന്‍ കുന്നുകള്‍ വരുതിയിലാക്കി ജൂതരാഷ്ട്രസുരക്ഷയ്ക്കായി ഇസ്‌റാഈലും സിറിയന്‍ വിഷയത്തില്‍ സജീവമാണ്.
കൃഷിയിടങ്ങളെ പോലും
വെറുതെ വിട്ടില്ല
തടഞ്ഞുവച്ച പട്ടാളം മദായയില്‍ സ്വീകരിച്ച മറ്റൊരു യുദ്ധ തന്ത്രമായിരുന്നു കൃഷിയിടങ്ങള്‍ തിരഞ്ഞുപിടിച്ച് തീയിടല്‍. സിറിയന്‍ യുദ്ധത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ ജീവിതം കരുപിടിപ്പിക്കാന്‍ വഴിതേടിയായിരുന്നു കൃഷിയിടങ്ങളിലേക്ക് തിരിഞ്ഞത്. ദമാന്‍ ഹ്യുമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു കൃഷിക്ക് വേണ്ട സഹായങ്ങള്‍ ലഭിച്ചത്. പക്ഷെ കൊയ്യാനുള്ള അവസരം ഭരണകൂടം നിഷേധിക്കുകയായിരുന്നു. വിളയിറക്കി കൊയ്യാന്‍ നേരത്ത് കര്‍ഷകരുടെ മുന്നില്‍ വെച്ച് തന്നെ കൊയ്ത്ത്പാടങ്ങള്‍ തീയിട്ട് നശിപ്പിക്കുന്ന കാഴ്ച്ചയാണു പിന്നീടവര്‍ക്ക് കാണേണ്ടിവന്നത്. തങ്ങള്‍ നട്ടുവളര്‍ത്തിയത് കണ്മുന്നിലിട്ട് കത്തിക്കുമ്പോള്‍ ഏത് കര്‍ഷകനാണു നെഞ്ച് പിടക്കാതിരിക്കുക. ബാര്‍ലിയും ഗോതമ്പും വിളയുന്ന 3,80,000 ഏക്കര്‍ കൃഷിയിടങ്ങളാണ് 2019ന്റെ തുടക്കത്തില്‍ പട്ടാളക്കാര്‍ അഗ്‌നിക്കിരയാക്കിയത്. 1600 കോടി ഡോളര്‍ ആണ് അതുവഴി രാജ്യത്തിനു നഷ്ടമായത്. യമനിലും വടക്കന്‍ സുദാനിലുമാണ് ഇതിനുമുമ്പ് ഈ രീതികള്‍ പ്രയോഗിച്ചിട്ടുള്ളത്.
പട്ടിണിയും ദാരിദ്ര്യവും
ഒരു രാജ്യം പട്ടിണിയില്‍ അമര്‍ന്നു കഴിയുമ്പോഴും ലോകത്തിനുമുന്നില്‍ അവരുടെ മനുഷ്യാവകാശത്തിനു യാതൊരു വിലയുമില്ല. പട്ടാളം വളഞ്ഞുവച്ച പ്രദേശങ്ങളില്‍ മാത്രം ആയിരങ്ങളുടെ പട്ടിണി മരണം യു.എന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴത്തെ പട്ടിണിയുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കുകളനുസരിച്ച് സിറിയന്‍ യുദ്ധം അഞ്ചു ലക്ഷത്തോളം ആളുകള്‍ കൊന്നതില്‍ 10 ശതമാനമെങ്കിലും പട്ടിണിമൂലമാകാമെന്നാണു അനുമാനം. ഇപ്പോള്‍ വരുന്ന പല ചിത്രങ്ങളും ഭീതിപകരുന്നതാണ്. 2018ല്‍ രാജ്യത്ത് കഴിയുന്ന 87% ആളുകള്‍ പട്ടിണിയിലാണെന്ന് കണക്കുകളുണ്ടായിരുന്നു. അതില്‍ നിന്ന് ഒട്ടും കുറഞ്ഞിട്ടില്ല. ആയിരക്കണക്കിനു കുട്ടികളെ പട്ടാളത്തിലേക്കെടുക്കുന്ന സാഹചര്യങ്ങളുണ്ടായി. യുദ്ധത്തിനു അറുതിയുണ്ടാവാത്തതിനാല്‍ പട്ടിണിയും അനുദിനം വര്‍ധിച്ചു. പട്ടാളം വളഞ്ഞിട്ട പ്രദേശങ്ങളില്‍ അതിന്റെ തോത് മൂന്നും നാലും ഇരട്ടിയായി.
യുദ്ധത്തിന്റെ മൂന്നിലൊന്ന് ഇരകള്‍ കുട്ടികളാണ്. സിറിയയില്‍ കുട്ടികളുടെ അവസ്ഥ അതിഭീകരമാണ്. 'അല്ലാഹ്' എന്ന് അറബിയില്‍ എഴുതി വായിക്കാന്‍ പറയുമ്പോള്‍ അതിനു കഴിയാതെ സങ്കടത്തോടെ പിന്മാറുന്ന കുട്ടികളുടെ ഒരു വിഡിയോ ഈയിടെ കേരളത്തില്‍ വൈറലായിരുന്നു. നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസമുണ്ടായിരുന്ന സിറിയയിലെ കുട്ടികള്‍ക്ക് ഇന്ന് ഒരക്ഷരം പോലും വായിക്കാന്‍ കഴിയുന്നില്ല. രാജ്യത്തെ 95% കുട്ടികളും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് കഴിയുന്നു. ഭൂരിഭാഗം സ്‌കൂളുകളും തകര്‍ന്നുകിടക്കുകയാണ്, ബാക്കിയുള്ളവയില്‍ ചിലത് പാര്‍പ്പിടമായി ഉപയോഗിക്കുന്നു. ആയിരക്കണക്കിനു അധ്യാപകര്‍ രാജ്യം തന്നെ ഉപേക്ഷിച്ചു പോയി. അനാരോഗ്യത്തോടെയും പോഷകാഹാരക്കുറവിലും ജനിക്കുന്ന കുട്ടികള്‍ വേറെയും. പൊതുശുചിത്വ നിലവാരം ഇല്ലാതെയും കുടിക്കാന്‍ അനുയോജ്യമായ വെള്ളം പോലും കിട്ടാതെയുമാണ് പലഭാഗത്തും ആളുകള്‍ ജീവിക്കുന്നത്. ക്യാംപുകളില്‍ പോലും പകര്‍ച്ചവ്യാധികള്‍ പെരുകുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പമുള്ള രാജ്യമായി സിറിയ മാറി. സമ്പദ്ഘടന നിയന്ത്രിച്ചിരുന്നത് പ്രകൃതി വാതകങ്ങളും കൃഷിയുമായിരുന്നു. സമ്പദ്ഘടന നിലനിര്‍ത്താന്‍ ഇന്ന് രാജ്യത്ത് ഒന്നുമില്ലാത്ത അവസ്ഥയാണ്. കൃഷി അതിന്റെ ഉല്‍പ്പാദന കേന്ദ്രമടക്കം തീയിട്ട് നശിപ്പിച്ചു. പ്രകൃതി വാതകങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടു. 2018 ലെ കണക്കനുസരിച്ച് പ്രതിദിനം 6,77,000 ബാരല്‍ ഓയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 25,000 ബാരലിലേക്ക് ചുരുങ്ങി. അതിന്റെ ആദായവും വിദേശ ശക്തികള്‍ കൊണ്ടുപോകുന്ന അവസ്ഥയിലാണ് രാജ്യമുള്ളത്.
റഷ്യയും തുര്‍ക്കിയും ഇറാനും ചേര്‍ന്നുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് നിര്‍ദിഷ്ട മേഖലകളില്‍ പട്ടാളത്തിന്റെ ആക്രമണങ്ങള്‍ ഉണ്ടായെന്നത് കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ ലക്ഷണമാണ്. ചരിത്രവും അതുവഴി പഴയ ദുരന്തങ്ങളും ആവര്‍ത്തിക്കുന്നതിനാല്‍ റഷ്യയൊറ്റക്ക് സിറിയയില്‍ എന്തെങ്കിലും പരിഹാരമുണ്ടാക്കുമെന്ന് കരുതാനാകുന്നില്ല. ഒരു സമൂഹത്തെ മുഴുവന്‍ ഇല്ലായ്മ ചെയ്തുകൊണ്ടല്ല പരിഹാരം തേടേണ്ടതെന്ന് റഷ്യക്ക് ആരാണ് പറഞ്ഞുകൊടുക്കേണ്ടത്? വിഭാഗീയമായി പക്ഷം ചേരാതെ അസദിനും ഒന്നും നിര്‍ദേശിക്കാനാവില്ല. യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ഇടപെടലുകളുണ്ടാകണം. സിറിയയും തുര്‍ക്കിയും റഷ്യയും ഒന്നിച്ചിരുന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് രാഷ്ടീയമായ പരിഹാരമുണ്ടാക്കാന്‍ കഴിയും. കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരത്തിലുള്ള ഒരു സമവായത്തിനേ സാധ്യമാകൂ. അത്തരത്തിലുള്ള സമവായങ്ങള്‍ക്കാണ് ലോകം ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."