ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്താന്‍ സ്വകാര്യ കമ്പനി; വന്‍ അഴിമതിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിച്ച് പിഴ ചുമത്തുന്നതിനു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തുന്നതിനു പൊലിസുമായുള്ള കരാര്‍ അവസാന ഘട്ടത്തിലാണെന്നും ഇതില്‍ വന്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാനത്തെ ട്രാഫിക് നിയന്ത്രണങ്ങള്‍ പൂര്‍ണമായി സ്വകാര്യവല്‍കരിക്കാനുള്ള കച്ചവടം ഉറപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെ നടത്തുന്ന ഈ അഴിമതികള്‍ മൂടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
180 കോടിയുടെ ഇന്റഗ്രേറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയിലാണ് അഴിമതിക്കു വേദിയൊരുങ്ങുന്നത്. ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനും പിഴ ഈടാക്കാനും സ്വകാര്യ കമ്പനിക്ക് അനുവാദം നല്‍കുന്നതാണ് പദ്ധതി. പദ്ധതിയിലൂടെ കോടിക്കണക്കിനു രൂപ സ്വകാര്യ കമ്പനിക്കു ലഭിക്കും.
പദ്ധതിയിലൂടെ സംസ്ഥാനത്താകെ 350 സ്പീഡ് ലിമിറ്റ് വയലേഷന്‍ കാമറകള്‍, 30 റെഡ്‌ലൈറ്റ് വയലേഷന്‍ കാമറകള്‍, 100 ഹെല്‍മെറ്റ് അബ്‌സെന്‍സ് ഡിറ്റക്ഷന്‍ കാമറകള്‍ എന്നിവ സ്ഥാപിക്കും. ഇവയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ കമ്പനി പൊലിസിനു കൈമാറുകയും പൊലിസ് പിഴ ചുമത്തുകയും ചെയ്യും. ഇതിനുള്ള പദ്ധതിയില്‍നിന്ന് സിഡ്‌കോയെ ഒഴിവാക്കിയാണ് കെല്‍ട്രോണിനു കരാര്‍ നല്‍കുന്നത്. കെല്‍ട്രോണിനെ മുന്നില്‍ നിര്‍ത്തി മീഡിയാട്രോണിക്‌സ് എന്ന കമ്പനിക്കു കരാര്‍ നല്‍കുന്നതിനു പിന്നില്‍ വിവാദ കമ്പനിയായ ഗാലക്‌സിയോണ്‍ ആണ്.
പദ്ധതിയിലൂടെ ലഭിക്കുന്ന 90 ശതമാനം തുകയും കമ്പനിക്കു സര്‍വീസ് ചാര്‍ജായി നല്‍കേണ്ടിവരുമ്പോള്‍ സര്‍ക്കാരിനു ലഭിക്കുക 10 ശതമാനം മാത്രമാണ്. സിഡ്‌കോ 40 ശതമാനം തുക നല്‍കാമെന്നു പറഞ്ഞിരുന്ന സ്ഥാനത്താണിത്. മീഡിയാട്രോണിക്‌സിന് ഈ കരാര്‍ ഏറ്റെടുക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നിരിക്കെ ഗാലക്‌സിയോണാണ് സാമ്പത്തിക സഹായം നല്‍കുന്നത്. കെല്‍ട്രോണ്‍ വഴി മീഡിയാട്രോണിക്‌സിനെ മുന്‍നിര്‍ത്തിയുള്ള തട്ടിപ്പും അഴിമതിയുമാണിത്.
സിംസ് പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് മാത്രമാണ് ഗാലക്‌സിയോണിനു നല്‍കിയതെങ്കില്‍ ഇതിലൂടെ പൊലിസിന്റെ മറ്റു പല പദ്ധതികളിലും പങ്കാളിയാക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. സിംസ് പദ്ധതി ഗാലക്‌സിയോണ്‍ കമ്പനിക്കു നല്‍കിയതു തന്നെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. ഗാലക്‌സിയോണില്‍ നിന്ന് സി.സി.ടി.വി കാമറകള്‍ വാങ്ങാന്‍ പൊലിസ് തന്നെ വ്യാപാര സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും വ്യാപകമായി കത്തയയ്ക്കുകയാണ്.
ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ദുരൂഹമാണ്. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെട്ടതിനാല്‍ ഇക്കാര്യങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം. മുന്‍ മന്ത്രിമാര്‍ പ്രതിയായ കേസുകളും സി.ബി.ഐ അന്വേഷിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ചോദ്യത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."