അറ്റോര്‍ണി ജനറലിനെ പ്രതിരോധിച്ച് ട്രംപ്
വാഷിങ്ടണ്‍: റഷ്യന്‍ അംബാസഡറുമായുള്ള ബന്ധം മറച്ചുവച്ചതിന് യു.എസ് കോണ്‍ഗ്രസ് അന്വേഷണം നേരിടുന്ന അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പിന്തുണച്ച് ട്രംപ് രംഗത്ത്. ജെഫ് സെഷന്‍സ് രാജിവയ്ക്കണമെന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് ജെഫ് സത്യസന്ധനാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടത്.
ജെഫ് സെഷന്‍സ് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നത്. റഷ്യന്‍ അംബാസഡറുമായി ഇദ്ദേഹം നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റാണ് പുറത്തുകൊണ്ടുവന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി ജെഫിനെ വേട്ടയാടുകയാണെന്നും അദ്ദേഹം ജോലി തുടങ്ങുന്നതേയുള്ളൂവെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. യു.എസ് തെരഞ്ഞെടുപ്പിനിടെ റിപ്പബ്ലിക്കന്‍ നേതാക്കള്‍ റഷ്യയുമായി ബന്ധം സ്ഥാപിച്ചെന്ന പരാതിയില്‍ എഫ്.ബി.ഐ അന്വേഷണം നടത്തിയിരുന്നു. ഇതില്‍ സെഷന്‍സിന്റെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു.
2016 ല്‍ രണ്ടു തവണയാണ് ജെഫ് റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്‌ല്യാക്കുമായി ചര്‍ച്ച നടത്തിയത്. സംഭവം ഗൗരവമുള്ള കാര്യമാണെന്ന് മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തോറ്റ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇപ്പോള്‍ യാഥാര്‍ഥ്യബോധം കൂടി നഷ്ടപ്പെട്ടുവെന്ന് ട്രംപ് പരിഹസിച്ചു. നേരത്തെ ട്രംപ് ക്യാംപിലുള്ളവര്‍ റഷ്യന്‍ അധികൃതരുമായി തെരഞ്ഞെടുപ്പ് സമയത്ത് ചര്‍ച്ച നടത്തിയെന്ന ആരോപണത്തെ ട്രംപ് തള്ളിയിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ കള്ളമാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ട്രംപ് ക്യാംപിനെ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."