കോട്ടത്തറയിലെ യുവാക്കളുടെ 'സ്‌നേഹ ബിരിയാണി'ക്ക് ഒരു വയസ്
അഗളി : വിശപ്പ് മാറ്റാന്‍ അന്യന്റെ കൈക്കുമ്പിളിലേക്ക് ഉറ്റുനോക്കുന്ന നാട്ടുകാര്‍ ഉണ്ടാവരുതെന്ന രണ്ടു യുവാക്കളുടെ ചിന്തയില്‍ നിന്നു തുടങ്ങിയ ബുധനാഴ്ച ബിരിയാണി അഥവാ സ്‌നേഹബിരിയാണിക്ക് ഒരു വയസ്സിന്റെ തേജസ്സ്. പാവപ്പെട്ടവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ സൗജന്യമായി ബിരിയാണി നല്‍കി മാതൃകയാവുകയാണ് കോട്ടത്തറയിലെ ഹോട്ടലുടമ പി.എ.അഷ്‌റഫും കോട്ടത്തറ ജുമാമസ്ജിദ് വൈസ് പ്രസിഡന്റ്, സുന്നിമഹല്ല് ഫെഡറേഷന്‍ അട്ടപ്പാടി മേഖലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന മുഹമ്മദ് ഇഖ്ബാലും.
കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ ബുധനാഴ്ചകളിലും നിരവധിയാളുകളാണ് പ്രായഭേദമന്യേ ഇവരുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ സൗജന്യ ചിക്കന്‍ബിരിയാണി വാങ്ങാനെത്തുന്നത്. ഭക്ഷണം കിട്ടാത്തവന് ഒരുനേരത്തെ അന്നം മനസ്സറിഞ്ഞ് കൊടുത്താല്‍ അതിനോളം പുണ്യം കിട്ടുന്ന മറ്റൊരു സത്ക്കര്‍മ്മം വേറെയില്ലെന്നതാണ് യുവാക്കളുടെ നിലപാട്.
എങ്കില്‍ പിന്നെ അത് ചിക്കന്‍ ബിരിയാണി തന്നെയാവട്ടെ എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്‍ ഇരുപത്തഞ്ചോളം ആളുകളാണ് ബിരിയാണി വാങ്ങാനെത്തിയിരുന്നതെങ്കില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നൂറിലേറെ പേരാണ് എത്തുന്നത്. വിദൂര ദിക്കുകളില്‍ നിന്നുവരെ സ്‌നേഹബിരിയാണി വാങ്ങാനായി ആളുകള്‍ എത്തുന്നുണ്ടെന്ന് യുവാക്കള്‍ പറയുന്നു. കാല്‍ നൂറ്റാണ്ട് മുമ്പ് അട്ടപ്പാടിയിലെത്തിയ കോട്ടക്കല്‍ സ്വദേശിയായ ഉമര്‍ബാവ ഹാജിയുടെ സത്കര്‍മ്മങ്ങള്‍ കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന ഇഖ്ബാലിന്റെ ആശയമാണ് ബിരിയാണി വിതരണം. ഈ ആശയത്തോട് യോജിക്കാന്‍ തയ്യാറായി അഷ്‌റഫ് മുന്നോട്ടുവന്നതോടെ പദ്ധതി മുടക്കമില്ലാതെ ഒരു വര്‍ഷത്തിലേക്കെത്തുകയായിരുന്നു. ഉമര്‍ഹാജിയുടെ സഹോദരന്മാരായ കുഞ്ഞാവഹാജിയും കുഞ്ഞുഹാജിയും ബിരിയാണി നല്‍കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടിവരുന്നതിനാല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് ഏറെ ശ്രമകരമാണെന്നാണ് യുവാക്കള്‍ പറയുന്നത്. ബിരിയാണിക്കു പുറമെ നിരാലംബരായവര്‍ക്ക് വസ്ത്രം, മരുന്ന് എന്നിവയും ഇവര്‍ നല്‍കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോട്ടത്തറയൂണിറ്റ് സെക്രട്ടറികൂടിയാണ് ഇഖ്ബാല്‍. സമാന ചിന്താഗതിക്കാരായവരുടെ സഹായം കൂടി കിട്ടിയാല്‍ പദ്ധതികള്‍ കുറേക്കൂടി വ്യാപിപ്പിക്കാമെന്ന ചിന്തയിലാണിപ്പോള്‍ അഷ്‌റഫും ഇഖ്ബാലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."