യു.എസില്‍ മുസ്ലിം പ്രദേശം ആക്രമിക്കാന്‍ പദ്ധതി
വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ മുസ്ലിം ഗ്രാമത്തില്‍ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്ന നാല് പേര് അറസ്റ്റില്‍. മുസ്ലിംകള് തിങ്ങിത്താമസിക്കുന്ന ഇസ്ലാംബര്ഗ് എന്ന പ്രദേശത്ത് ആക്രമണം നടത്താനിരുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
ന്യൂയോര്‍ക്കിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുനിന്ന് 241 കി.മീ അകലെയാണ് ഇസ്ലാംബര്ഗ് സ്ഥിതിചെയ്യുന്നത്. ബ്രെയിന്‍ കോളനരി(20), ആന്‍ഡ്രൂ ക്രെയ്സല് (18), വിന്സറ്റ് വെട്രോമൈല്‍ (19) ന്യൂയോര്‍ക്കിലെ ഗ്രീസ് സ്കൂളിലെ 16 കാരന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാലുപേര്‍ക്കെതിരേയും രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയത്. പ്രായം പരിഗണിച്ച് ഹൈസ്കൂള്‍ വിദ്യാര്‍ഥിയുടെ പേര് വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. അറസ്റ്റിലായവരില്‍ മൂന്ന് പേര് യു.എസിലെ ബോയ് സ്കൗട്ടില് ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനിടെ സ്കൂള്‍ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ സംസാരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുണ്ടായതെന്ന് ഗ്രീസ് പൊലിസ് തലവന്‍ പാട്രിക് ഫേലന്‍ പറഞ്ഞു.
അഞ്ചിടങ്ങളിലായി പൊലിസ് നടത്തിയ അന്വേഷണത്തില്‍ 23 ആയുധങ്ങളും ഫോണ്‍, കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെ നിരവധി ഉപകരണങ്ങളും പിടിച്ചെടുത്തു. ആയുധങ്ങളില്‍ ഭൂരിഭാഗവും റൈഫിളുകളും ഷോട്ട്ഗണ്ണുകളുമാണ്.
16 കാരന്റെ വീട്ടില്‍ നിന്ന് മൂന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പാട്രിക് ഫേലന്‍ പറഞ്ഞു. വ്യത്യസ്തമായ സ്വദേശ നിര്‍മിത ബോംബുകളും പിടിച്ചെടുത്തു. സ്ഫോടന പദ്ധതി നടക്കുകയാണെങ്കില്‍ ആക്രമണം എത്ര ആഘാതമുണ്ടാക്കുമെന്ന് തനിക്ക് ഊഹിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
യു.എസിലെ കറുത്ത വര്‍ഗക്കാരായ മുസ്ലിംകളാണ് മുപ്പത് വര്‍ഷം മുന്‍പ് ഇസ്ലാം ബര്‍ഗ് സ്ഥാപിച്ചത്. പാകിസ്താനി സൂഫി പണ്ഡിതനായ മുബാറക് അലി ഷാ ഗീലാനിയെ പിന്തുടരുന്നവരാണ് ഇവര്‍.
ഇസ്ലാംബര്ഗ് ആക്രമിക്കാന്‍ നേരത്തെയും തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. രണ്ട് വര്‍ഷം മുന്‍പുണ്ടായ ആക്രമണ ശ്രമത്തെ തുടര്‍ന്ന് ടെന്നസിക്കാരനെ 20 വര്‍ഷത്തെ തടവിന് യു.എസ് കോടതി ശിക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."