കൊണ്ടയൂര്‍ എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ വഴിയൊരുങ്ങുന്നു
യു.ആര്‍ പ്രദീപ് എം.എല്‍.എയുടേയും ദേശമംഗലം പഞ്ചായത്തിന്റേയും അടിയന്തര ഇടപെടല്‍
ദേശമംഗലം: കൊണ്ടയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ അറുപതോളം കുട്ടികള്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ അനുഭവിച്ചിരുന്ന നരകയാതനക്ക് പരിഹാരം കാണാന്‍ വഴിയൊരുങ്ങുന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ താല്‍ക്കാലിക ഷെഡില്‍ വിദ്യ അഭ്യസിക്കേണ്ട ഗതികേടിനും സമീപ ഭാവിയില്‍ തന്നെ പരിഹാരമാകും.
സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്ന് ജനപ്രതിനിധികള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി കൈകൊള്ളുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു. സ്‌കൂളിന്റെ ശോചനീയാസ്ഥ അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പുതിയ കെട്ടിട നിര്‍മാണത്തിന് തുക അനുവദിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും യു.ആര്‍ പ്രദീപ് എം.എല്‍.എ സുപ്രഭാതത്തോട് പറഞ്ഞു.
സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തുകവകയിരുത്തുമെന്നും മറ്റ് ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്ന് സഹായം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ് ലക്ഷ്മണന്‍ അറിയിച്ചു.
കെട്ടിടം ദുര്‍ബലാസ്ഥയിലായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാനും, സുഗമമായി നടത്താനും നടപടി സ്വീകരിച്ചതായും ലക്ഷ്മണന്‍ പറഞ്ഞു. അത്യന്താധുനിക സൗകര്യങ്ങളോടെ സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് 68 വര്‍ഷം പഴക്കമുള്ള കൊണ്ടയൂര്‍ സ്‌കൂള്‍ ഇപ്പോഴും ബാലാരിഷ്ഠതകള്‍ പരിഹരിക്കപ്പെടാതെ കുട്ടികളുടെ ദുരിത കേന്ദ്രമായിട്ടുള്ളത്.
സ്‌കൂള്‍ കെട്ടിടം കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലാണെന്നും കുട്ടികളെ പഠിപ്പിക്കാന്‍ യോഗ്യമല്ലെന്നും കണ്ടെത്തിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരുന്നു. എന്നാല്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്നായിരുന്നു അടിയന്തര ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."