ജില്ലയില്‍ മിക്കയിടങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
പൂച്ചാക്കല്‍: കുടിവെള്ളത്തിന് നെട്ടോട്ടമൊടുമ്പോള്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. പാണാവള്ളി ആന്നലത്തോടിന് തെക്ക് വശം റോഡിനടിയില്‍ സ്ഥാപിച്ച പൈപ്പ് പൊട്ടിയാണ് കുടിവെള്ളം സമീപത്തെ പാടത്തേക്ക് ഒഴുകുന്നത്.ഇത് മൂലം റോഡില്‍ വലിയ കുഴി രൂപാന്തരപ്പെടുകയും അപകടങ്ങളുണ്ടാവുകയും ചെയ്യുന്നു.ഇരുചക്രവാഹനങ്ങളാണ് രാത്രികാലങ്ങളില്‍ കൂടുതലും കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത്.
ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് വ്യാപകമാകുന്നതിനിടയിലാണ് പ്രധാന റോഡിനടിയിലെ പൈപ്പും പൊട്ടിയത്. ചേര്‍ത്തല അരൂക്കുറ്റി റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളുടെ അവസ്ഥയും ഇതുതന്നെയാണ്. ഗുണനിലവരമില്ലാത്തതാണ് സ്ഥിരമായി പൈപ്പ് പൊട്ടുന്നതിന് കാരണമെന്നാണ് പരക്കെ ആരോപണം .രണ്ട് ആഴ്ചക്ക് മുമ്പ് നീലം കുളങ്ങര, തൃച്ചാറ്റുകുളം വടക്ക് എന്നിവിടങ്ങളില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു.
തൃചാറ്റുകുളം പള്ളിപ്പുറം എം.എല്‍.എ റോഡിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതും പതിവായിരിക്കുകയാണ്. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡുകള്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതോടെ തകര്‍ച്ച നേരിടുകയാണ്.റോഡിന്റെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കുഴികള്‍ വന്നിട്ടുള്ള ഭാഗങ്ങള്‍ നാട്ടുകാര്‍ വാഴയും നെല്‍കതിരും നാട്ടി പ്രതിഷേധിച്ചിരുന്നു.
വാഹനങ്ങള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ കുഴിയില്‍ കമ്പുകള്‍ കുത്തിയും കൊടികള്‍ നാട്ടിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ജപ്പാന്‍ കുടിവെള്ള പൈപ്പ് സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് പൂച്ചാക്കല്‍ മേഖലയില്‍ സംവിധാനങ്ങളില്ല.
മാക്കേകവലയില്‍ ജപ്പാന്‍ കുടിവെള്ള പ്ലാന്റ് ഉണ്ടെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് ചേര്‍ത്തലയിലായതിനാല്‍ പൈപ്പ് പൊട്ടിയാല്‍ നന്നാക്കാന്‍ കാലതാമസം നേരിടുന്നു.
മാക്കേകവലയില്‍ കുടിവെള്ള പ്ലാന്റിനോട് ചേര്‍ന്ന് ഏക്കര്‍ കണക്കിന് സ്ഥലമുണ്ട്.പക്ഷേ പൈപ്പ് പൊട്ടുന്നത് നന്നാക്കാന്‍ യാതൊരു സംവിധാനവുമില്ല.അധികൃതരെ വിവരം അറിയിച്ചു കഴിഞ്ഞാല്‍ ദിവസങ്ങള്‍ കഴിഞ്ഞാലും നടപടികളൊന്നും സ്വീകരിക്കാത്ത സ്ഥിതിയാണ്.ഗ്രാമീണ മേഖലകളില്‍ ശുദ്ധജല ക്ഷാമം നേരിടുമ്പോള്‍ പ്രദേശവാസികള്‍ നെട്ടോട്ടമോടുകയാണ്.
കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയാല്‍ പിന്നെ ഇവിടങ്ങളില്‍ ശുദ്ധ ജലം ലഭിക്കണമെങ്കില്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാന പൈപ്പുകള്‍ പൊട്ടുന്നത് വെള്ളം പമ്പ് ചെയ്യുമ്പോള്‍ പൈപ്പിലുണ്ടാകുന്ന സമ്മര്‍ദ്ദം മൂലമാണെന്നാണ് അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."