മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവച്ചു
ക്വാലാലംപുര്‍: അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മഹാതിര്‍ മലേഷ്യന്‍ രാജാവിന് രാജിക്കത്ത് സമര്‍പ്പിച്ചത്. 94കാരനായ മഹാതിറിന്റെ പ്രിബുമി ബെര്‍സാതു മലേഷ്യ പാര്‍ട്ടി അന്‍വര്‍ ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള പാകതന്‍ ഹാരപന്‍ ഭരണസഖ്യം വിടുകയും ചെയ്തിട്ടുണ്ട്.
അന്‍വറിന്റെ പീപിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയെ ഒഴിവാക്കി പുതിയ സഖ്യ രൂപീകരണത്തിന് വഴിയൊരുക്കാനാണ് രാജിയെന്നു റിപ്പോര്‍ട്ടുണ്ട്. ഭരണസഖ്യ തലവനായ അന്‍വന്‍ ഇബ്രാഹീമുമായുള്ള അഭിപ്രായ വ്യത്യാസമാണ് മഹാതിറിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.
2018ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മഹാതിര്‍-അന്‍വര്‍ സഖ്യം ദീര്‍ഘകാലമായി ഭരണത്തിലിരുന്ന ബാരിസണ്‍ നാഷനല്‍ സഖ്യത്തെ പരാജയപ്പെടുത്തി അധികാരത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് അന്‍വര്‍ ഇബ്രാഹീമിനെ ജയില്‍മോചിതനാക്കിയെങ്കിലും ധാരണ പ്രകാരം പ്രധാനമന്ത്രിസ്ഥാനം അദ്ദേഹത്തിനു കൈമാറാന്‍ മഹാതിര്‍ തയ്യാറായില്ല.
പുതിയ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി മലേഷ്യയില്‍ ഭരണമാറ്റ നീക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് മഹാതിറിന്റെ രാജി. അന്‍വറിനെ ഒഴിവാക്കിയുള്ള സഖ്യരൂപീകരണ ശ്രമങ്ങളാണ് നടക്കുന്നത്. മഹാതിറിന്റെ പാര്‍ട്ടിയും തന്റെ പാര്‍ട്ടിയിലെ വിമതരും തന്നെ തഴഞ്ഞ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തുന്നതായും ഇത് വിശ്വാസവഞ്ചനയാണെന്നും അന്‍വര്‍ ഇബ്രാഹീം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."