പ്രണയിനിയുടെ ബന്ധുക്കള്‍ യുവാവിന്റെ വീട് അഗ്നിക്കിരയാക്കി
കണ്ണൂര്‍: എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ പ്രണയിച്ചതിനു യുവാവിന്റെ ബൈക്കും വീടും അഗ്നിക്കിരയാക്കി. കക്കാട് അതിരകത്തെ മുഹമ്മദ് അസ്‌കര്‍ അലി(28)യുടെ വീടിനു നേരെയാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ കെ.കെ അനസും ബന്ധു കെ.കെ ഷബീറും ചേര്‍ന്ന് അക്രമിച്ചതെന്നാണു പരാതി. ഇന്നലെ പുലര്‍ച്ചെ 1.55ഓടെയാണ് സംഭവം. വീട് ഭാഗികമായി കത്തി നശിച്ചു. ഫര്‍ണിച്ചര്‍, ടി.വി, മുറ്റത്തുണ്ടായ ബൈക്ക്, വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം എന്നിവ കത്തി നശിച്ചു. സംഭവം നടക്കുമ്പോള്‍ അസ്‌കറിന്റെ ഉപ്പയും ഉമ്മയും സഹോദരങ്ങളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ബൈക്ക് കത്തുന്നതു കണ്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബൈക്ക് നിര്‍ത്തിയിട്ട സ്ഥലത്തിനു തൊട്ടടുത്തായുള്ള കിടപ്പു മുറിയുടെ ജനല്‍ വഴി അകത്തേക്ക് തീ പടരുകയായിരുന്നു. കര്‍ട്ടനില്‍ നിന്നു കിടക്കയിലും കട്ടിലിലും അലമാരയ്ക്കും തീ പടര്‍ന്നു. നേരത്തേഅന്നു വൈകിട്ട് അസ്‌കറിന്റെ വീട്ടിലെത്തി അസ്‌കറിനെയും സുഹൃത്ത് നൗഷാദിനെയും ബന്ധുക്കള്‍ അക്രമിച്ചിരുന്നു. അക്രമത്തെ തുടര്‍ന്നു അസ്‌കറിനെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് 21 വയസുകാരിയായ പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലാകുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നു ഇരുവര്‍ക്കും നിരന്തരം ഭിഷണിയും മര്‍ദനവുമുണ്ടായതായാണു പരാതി. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരി പെണ്‍കുട്ടിയുടെ സഹോദരനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സി.വി വിനോദ് കുമാര്‍, വിനേഷ്, മഹേഷ്, ലിജു, രാധാകൃഷ്ണന്‍, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിശമനസേനാംഗങ്ങളാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."