കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യവും
കൊട്ടാരക്കര: മൂന്ന് നിലകളുള്ള കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ സ്ഥാപിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനം നടന്നു. ചടങ്ങില്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളെ അവഹേളിച്ചതായി ആരോപിച്ച് സി.പി.എം ജനപ്രതിനിധികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചാണ് പ്രസവ വാര്‍ഡില്‍ ലിഫ്റ്റ് സ്ഥാപിച്ചത്.
പ്രവര്‍ത്തനോദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വ്വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍ അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ കാര്‍ത്തിക വി നാഥ്, എ.എസ് അഞ്ജു, നെല്‍സണ്‍ തോമസ്, കോശി.കെ ജോണ്‍, മീരാ ദേവി, ആശുപത്രി വികസന സമിതി അംഗങ്ങളായ പി. ഹരികുമാര്‍, രമേശ് അമ്പലക്കര, ആശുപത്രി സൂപ്രണ്ട് ഡോ. ബിജു.ബി.എന്‍, ആര്‍.എം.ഒ ഡോ. ഡാര്‍വിന്‍ സി പേള്‍, ഡോ. സുരേഷ് ലാല്‍ എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ലിഫ്റ്റിന് സമീപം സ്ഥാപിച്ച ശിലാഫലകത്തില്‍ എം.എല്‍.എ യുടെ പേര് ഒഴുവാക്കിയതിലും മുഖ്യപ്രഭാഷണത്തിനായിപ്പോലും നോട്ടീസില്‍ പേര് വയ്ക്കാതിരുന്നതിലും പ്രതിഷേധിച്ചാണ് അയിഷാപോറ്റി എം.എല്‍.എ യും സി.പി.എം ജനപ്രതിനിധികളും ചടങ്ങ് ബഹിഷ്‌കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."