എല്‍.എസ്.എസ് ഇംഗ്ലീഷ് ഈസിയായി; നിറഞ്ഞ പുഞ്ചിരിയുമായി അവര്‍ പുറത്തിറങ്ങി
എടച്ചേരി: ഈ അധ്യയന വര്‍ഷത്തെ എല്‍.എസ്. എസ്, പരീക്ഷ കഴിഞ്ഞപ്പോള്‍ പ്രതീക്ഷകളുടെ നിറഞ്ഞ പുഞ്ചിരിയുമായാണ് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഉള്‍പ്പെടുത്തി വരുന്ന ഇംഗ്ലീഷ് പേപ്പര്‍ ഈ വര്‍ഷം ഈസി ആയതാണ് കുരുന്നുകള്‍ക്ക് പ്രതീക്ഷയായത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് പേപ്പറിലെ ചില ചോദ്യങ്ങള്‍ എടുത്തു തീര്‍ക്കാത്ത പാഠത്തില്‍ നിന്നായത് കുട്ടികള്‍ക്ക് വിനയായിരുന്നു.എന്നാല്‍ ഇത്തവണ 10 മാര്‍ക്കിനുളള ഇംഗ്ലീഷ് ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് താരതമ്യേന പ്രയാസം കുറഞ്ഞതായിരുന്നു. ഇംഗ്ലീഷ് കൂടാതെ രാവിലെ നടന്ന മലയാളം, പൊതു വിജ്ഞാനം എന്നീ പേപ്പറുകളും കുട്ടികളെ ബുദ്ധിമുട്ടിച്ചില്ല.
അതെ സമയം സുമംഗല എന്ന പേരിലറിയപ്പെടുന്ന സാഹിത്യകാരി, ദ്രുമം എന്ന വാക്കിന്റെ അര്‍ഥം തുടങ്ങിയ മലയാളത്തിലെ ആദ്യ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ മിക്ക കുട്ടികളും പകച്ചുനിന്നു. ഉച്ചയ്ക്ക് ശേഷമുളള ഗണിതം, പരിസര പഠനം പരീക്ഷയെഴുതാന്‍ ഹാളിലെത്തിയത് ഏറെ ആശങ്കയോടെയണെങ്കിലും ചോദ്യംവായിച്ചു കഴിഞ്ഞപ്പോള്‍ കുരുന്നു മുഖങ്ങളില്‍ പ്രകടമായിരുന്ന അന്ധാളിപ്പ് മാറി.
വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അതാതു സെന്ററുകളിലെ ചീഫ് സൂപ്രണ്ടുമാര്‍ എ.ഇ.ഒ ഓഫിസുകളില്‍ ഇന്നലെ വൈകുന്നേരത്തോടെ ഏല്‍പിച്ചു. എസ്.എസ്.എല്‍ സി പരീക്ഷാ പേപ്പറിന്റെ മൂല്യനിര്‍ണയ രീതി തന്നെയാണ് ഈ പരീക്ഷാ പേപ്പറുകളിലും പിന്തുടരുന്നത്.ആകെ മാര്‍ക്കായ 80ല്‍ 60 ശതമാനമായ 48 ( അതിനു മുകളിലും ) മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാവും. രണ്ടാഴ്ചയ്ക്കുളളില്‍ തന്നെ മൂല്യനിര്‍ണയം പൂര്‍ത്തിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."