സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ജില്ലയില്‍ 49,184 ഗുണഭോക്താക്കള്‍
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി(ലൈഫ് മിഷന്‍)യില്‍ ജില്ലയില്‍ 49,184 ഗുണഭോക്താക്കള്‍. ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണു ഗുണഭോക്താക്കളെ കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി തയാറാക്കിയ പട്ടികയിലുള്‍പ്പെട്ടവരും കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ തങ്ങളുടെ പ്രദേശങ്ങളില്‍നിന്നു കണ്ടെത്തിയവരുമായ ഗുണഭോക്താക്കളുടെ സര്‍വേയാണു നടത്തിയത്.
നാലുവിഭാഗങ്ങളാക്കി തരംതിരിച്ചുള്ള ഫോമുകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയിലുള്‍പ്പെട്ട ഭവനരഹിതര്‍ക്കായി എ, ഭൂരഹിത ഭവനരഹിതര്‍ക്ക് ബി, കുടുംബശ്രീ കണ്ടെത്തിയ ഭവനരഹിതര്‍ക്ക് സി, ഭൂരഹിത ഭവനരഹിതര്‍ക്ക് ഡി എന്നീ ഫോറങ്ങളാണ് സര്‍വേക്കായി ഉപയോഗിച്ചത്. കണ്ടെത്തിയ 49,184 ഗുണഭോക്താക്കളില്‍ 20,832 പേര്‍ ഫോറം എ പ്രകാരമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച പട്ടികയിലുള്‍പ്പെട്ട ഭവനരഹിതരാണ്. 4,003 എണ്ണം ഇതേ പട്ടികയിലെ ഭൂരഹിത ഭവനരഹിതരായ കുടുംബങ്ങളാണ്. 17,745 കുടുംബങ്ങള്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ നേതൃത്വത്തില്‍ തയാറാക്കിയ ഭവനരഹിതരും 6,604 പേര്‍ ഇതേ പട്ടികയിലുള്ള ഭൂരഹിത ഭവനരഹിതരായ കുടുംബങ്ങളുമാണ്.
സര്‍വേ കഴിഞ്ഞു തിരികെ കിട്ടിയ ഫോറങ്ങളുടെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി കുടുംബശ്രീ ഐ.ടി യൂനിറ്റില്‍ പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ജില്ലാ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, വില്ലേജ് ഓഫിസ്, സി.ഡി.എസ് ഓഫിസ് എന്നിവിടങ്ങളില്‍ കരടുപട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ള ഗുണഭോക്താക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കാം. അപേക്ഷ പരിഗണിച്ച് സെക്രട്ടറി വിശദമായ പരിശോധന നടത്തി അനര്‍ഹരെ ഒഴിവാക്കിയും അര്‍ഹരായവരെ ഉള്‍പ്പെടുത്തിയും പട്ടിക പരിഷ്‌കരിച്ച് ഡി.എം.സിക്ക് കൈമാറും. തുടര്‍ന്നു ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കും. ഈ പട്ടികയിലും ആക്ഷേപമുള്ളവര്‍ക്കു ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം ലഭിക്കും. സബ് കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആക്ഷേപങ്ങള്‍ പരിശോധിച്ചശേഷം അന്തിമപട്ടിക ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് സര്‍വേ ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിച്ച ജില്ലകളിലൊന്ന് വയനാടാണ്. ജില്ലയില്‍ വെങ്ങപ്പള്ളിയാണ് സര്‍വേ പൂര്‍ത്തിയാക്കിയ ആദ്യ പഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."