ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച തോടാണ് ദുര്‍ഗന്ധ വാഹിനിയായി മാറിയത്
കായംകുളം: പട്ടണ മധ്യത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ കരിപ്പുഴ തോട് നവീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. വേനല്‍ കടുത്തതോടെ നീരൊഴുക്ക് നിലച്ച തോട്ടില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം പരക്കുന്നത് നാട്ടുകാര്‍ക്ക് കനത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു.വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച തോടാണ് ഇപ്പോള്‍ ദുര്‍ഗന്ധവാഹിനിയായി മാറിയത്.
മുന്‍ എം.എല്‍.എയുടെ കാലത്ത് 70 ലക്ഷം മുടക്കി തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് തോടിന്റെ തകര്‍ന്നു പോയ വശങ്ങളില്‍ സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കാനും പദ്ധതി തയ്യാറാക്കി കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ കരാറുകാരന്‍ പേരിനു മാത്രമാണ് പണികള്‍ നടത്തിയതെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നു. ഇതേ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നീട് ഇവയെല്ലാം കെട്ടടങ്ങുകയായിരുന്നു. അവസാനം ടൂറിസം പദ്ധതിയുടെ ഭാഗമായി കരിപ്പുഴ മുതല്‍ കായംകുളം കായല്‍ വരെയുള്ള ഭാഗം ആഴം കൂട്ടി വശങ്ങള്‍ സംരക്ഷിച്ച് ബോട്ട് സവാരി നടത്താന്‍ പദ്ധതിയിട്ടെങ്കിലും അതും നടന്നില്ല. പട്ടണണത്തിലേയും പരിസര പ്രദേശങ്ങളിലേയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ തോട്. ഇറച്ചി കടകളിലെയും സസ്യ മത്സ്യ മാര്‍ക്കറ്റുകളിലെയും ചില ഹോട്ടലുകളിലേയും മറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കരിപ്പുഴ തോട്ടിലാണ്. ഒഴുകി മാറാതെ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരന്നതോടെ തോടിന്റെ കരകളില്‍ താമസിക്കുന്നവരുടെ ദുരിതവും വര്‍ധിക്കുകയാണ്. തോട് കൊതുകുകളുടേയും ഈച്ചകളുടേയും പ്രജന കേന്ദ്രമായി മാറിയതോടെ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. എത്രയും വേഗം മാലിന്യങ്ങള്‍ നീക്കം ചെയ്തു തോട് സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."