അവിശ്വാസം: തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ പുറത്തായി
തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫ് ചെയര്‍പേഴ്സനെതിരേ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. യു.ഡി.എഫിലെ 14 പേരും, ബി.ജെ.പിയിലെ എട്ടുപേരും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
സി.പി.എം അംഗം മിനി മധുവിന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണ സമിതിയാണു അവിശ്വാസത്തിലൂടെ പുറത്തായത്. 35 അംഗ നഗരസഭാ കൗണ്‍സിലില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. യു.ഡി.എഫ് 14, എല്‍.ഡി.എഫ് 13, ബി.ജെ.പി എട്ട് എന്നതാണു കക്ഷിനില.
2015 നവംബര്‍ 18നാണു യു.ഡി.എഫ് നഗരസഭയില്‍ അധികാരത്തില്‍ വന്നത്. ചെയര്പേഴ്സന് തെരഞ്ഞെടുപ്പില്‍ വോട്ടിങില്‍നിന്ന് ബി.ജെ.പി വിട്ടു നിന്നതിനെ തുടര്‍ന്ന്, ഒരാളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് അന്ന് അധികാരത്തിലേറിയത്. മുസ്ലിംലീഗിലെ സഫിയ ജബ്ബാറാണു ചെയര്‍പേഴ്സനായത്.
യു.ഡി.എഫ് ധാരണപ്രകാരം 2018 മെയ് 26ന് സഫിയ രാജിവച്ചതിനെ തുടര്‍ന്ന് ജൂണ്‍ 18ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ടി.കെ സുധാകരന് നായരുടെ വോട്ട് അസാധുവായി. തുല്യവോട്ടു വന്നതിനെ തുടര്‍ന്നു നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിലെ മിനി മധു ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു.
മിനി മധുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണു ഇന്നലെ പാസായത്. യു.ഡി.എഫിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് എമ്മിനാണ് ചെയര്പേഴ്സന് സ്ഥാനം. പ്രൊഫ. ജെസി ആന്റണി ചെയര്പേഴ്സനാകുമെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."