ലൈഫ് മിഷന്‍ പൊതുജന പങ്കാളിത്തത്തോടെ വിപുലീകരിക്കാന്‍ പദ്ധതി
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി പൊതുജനപങ്കാളിത്തത്തോടെ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ പ്രകാരം രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്നു മുഖ്യമന്ത്രി നടത്തുമ്പോള്‍ ഇതുസംബന്ധിച്ച പ്രഖ്യാപനവും നടത്തിയേക്കും.
ലൈഫ് പദ്ധതിയിലെ വീടുകളുടെ നിര്‍മാണം സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇതുവരെ നടന്നത്. എന്നാല്‍ പദ്ധതിക്കു പിന്തുണയുമായി വ്യക്തികളും സംഘടനകളും രംഗത്തെത്തിയതോടെയാണ് പൊതുജനപങ്കാളിത്തം കൂടി ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച വ്യക്തമായ രൂപരേഖ തയാറാക്കിവരികയാണെന്ന് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ പി.ആര്‍.ഡി ഡയരക്ടര്‍ യു.വി ജോസ് പറഞ്ഞു.
ഭവനരഹിതരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ലൈഫ് പദ്ധതി ഇതുവരെ നടപ്പാക്കിയത്. ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി മാര്‍ച്ച് മാസത്തോടെ 95 ശതമാനം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാവും. മൂന്നാം ഘട്ടം ഭൂരഹിതരമായവര്‍ക്കുള്ള ഭവനപദ്ധതിയായാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 100 ഭവനസമുച്ചയങ്ങളാണ് നിര്‍മിക്കുക. അടിമാലി ഗ്രാമപഞ്ചായത്തിലും അങ്കമാലിയിലും ഭവനസമുച്ചയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറാന്‍ കഴിഞ്ഞു.
മൂന്നാംഘട്ടത്തിനായി 314 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും അനുയോജ്യമായതായിരിക്കും തെരഞ്ഞെടുക്കുക. മൂന്നാംഘട്ടത്തിലേക്ക് 1, 06,925 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തത്. 12 പൈലറ്റ് ഭവനസമുച്ചയങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. 2020 ഓഗസ്റ്റില്‍ ഇവ പൂര്‍ത്തിയാക്കും. കേന്ദ്രസര്‍ക്കാരിന്റെ പി.എം.എ.വൈ പദ്ധതി പ്രകാരം ലഭിച്ച തുകകൂടി പദ്ധതിക്കു വിനിയോഗിക്കുന്നുണ്ട്. പ്രളയപുനരധിവാസത്തിന്റെ ഭാഗമായി നിര്‍മിച്ച വീടുകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പദ്ധതിയെക്കുറിച്ച് അറിഞ്ഞ് വ്യക്തികളും സംഘടനകളും ഭൂമി സര്‍ക്കാരിനു നല്‍കാന്‍ തയാറായിട്ടുണ്ട്. കൂടാതെ വീടുകള്‍ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ തയാറായി പലരും രംഗത്തെത്തുകയുമുണ്ടായി. 20 മുതല്‍ 60 ശതമാനം വരെ വിലകുറച്ചാണ് വയറിങ്, ഇലക്ട്രിക്, സാനിറ്ററി ഉപകരണങ്ങള്‍, സിമന്റ്, വാട്ടര്‍ടാങ്ക് തുടങ്ങിയവ ലഭ്യമാക്കിയത്. ഈ സഹകരണം കൂടുതല്‍ വിപുലപ്പെടുത്താനും കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് പദ്ധതിയിലേക്ക് പങ്കാളിത്തമായി ലഭ്യമാക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ കൈമാറ്റം 12 വര്‍ഷത്തിന് ശേഷം മാത്രമേ പാടുള്ളൂവെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഭവനസമുച്ചയങ്ങളുടെ ഉടമസ്ഥാവകാശം എല്ലായ്‌പ്പോഴും പഞ്ചായത്തുകള്‍ക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."