യുവാക്കളെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതികള്‍ക്ക് ആറു വര്‍ഷം തടവും പിഴയും
തൃശൂര്‍: രാഷ്ട്രീയവിരോധം വച്ച് തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് ആറു വര്‍ഷം തടവും 15000 രൂപ പിഴയും.
ഒല്ലൂര്‍ വില്ലേജ് തെക്കെ അഞ്ചേരി ദേശത്ത് മുണ്ടയ്ക്കല്‍ വീട്ടില്‍ മോഹനന്‍ മകന്‍ അഖിലിനെയും സുഹൃത്തായ സ്റ്റെജോവിനേയും രാഷ്ട്രീയവൈരാഗ്യം വച്ച് തലയ്ക്ക് ഇരുമ്പുപൈപ്പ് ഉപയോഗിച്ച് അടിച്ചു പരുക്കേല്‍പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്.
കേസില്‍ പ്രതികളായ ഒല്ലൂര്‍ വില്ലേജ് അഞ്ചേരി സ്വദേശികളായ പനമുക്ക് വീട്ടില്‍ കണ്ണന്‍ എന്ന കൃഷ്ണകുമാര്‍, മങ്കുഴി വീട്ടില്‍ നിത്യന്‍ എന്ന തന്തുരു, മങ്കുഴി വീട്ടില്‍ സുജിത്ത്, കൊട്ടേക്കാട്ടില്‍ അരുണ്‍ എന്നിവരെ വിവിധ വകുപ്പുകളിലായി ആറു വര്‍ഷം നാലു മാസം തടവിനും 15000 രൂപ വീതം പിഴയടക്കുന്നതിനും വിധിച്ചത്. പിഴയടക്കുന്നതില്‍ നിന്നും 30,000 രൂപ പരുക്ക് പറ്റിയവര്‍ക്ക് നല്‍കണം.
പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടുതലായി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. കേസിലെ അഞ്ചാം പ്രതിയായ മങ്കുഴി വീട്ടില്‍ സജീഷ് ഇപ്പോഴും ഒളിവിലാണ്.
2012 ജനുവരി 25ന് രാത്രി 12 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുവാംകുളങ്ങരയിലെ മരക്കമ്പനിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെരുവാംകുളങ്ങര അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ പൂരാഘോഷങ്ങള്‍ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോവുകകയായിരുന്ന അഖിലിനെയും സുഹൃത്തായ സ്റ്റെജോയെയും പ്രതികള്‍ തടഞ്ഞ് ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തിരുന്നു. അഖിലിനോടുള്ള രാഷ്ട്രീയ വിരോധത്താലാണ് പ്രതികള്‍ ആക്രമണം നടത്തിയത്.
ഒല്ലൂര്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന എം.കെ രമേഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."