കോഴി വണ്ടിയില്‍ നിന്നു പണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍
കോഴിക്കോട്: കോഴി ലോറിയില്‍ നിന്നു പണം മോഷ്ടിച്ച ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ചേവായൂര്‍ പൊലിസിന്റെ പിടിയില്‍. വയനാട് പൊഴുതന കളരിവീട്കുന്ന് അത്തോളിവീട്ടില് പി. ഷിഹാബുദ്ദീന്(35), കൊയിലാണ്ടി ചേമഞ്ചേരി തൂവ്വക്കാട്ട്പറമ്പത്ത് ആര്. രാഹുല്‍ (35) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 14ന് കുന്ദമംഗലത്ത് ഒരു ഹോട്ടലിനു സമീപം നിര്‍ത്തിയിട്ട കോഴി കയറ്റിയ ലോറിയില്‍ നിന്ന് ഡ്രൈവര്‍ ഷിഹാബുദ്ദീന് ലോറി കാബിനില്‍ സൂക്ഷിച്ച നാലു ലക്ഷം രൂപ രാഹുലിന് എടുത്തുകൊടുക്കുകയായിരുന്നു. രാഹുല്‍ ബൈക്കിലെത്തി ലോറിയെ പിന്തുടരുകയായിരുന്നു. കോഴിക്കച്ചവടക്കാരനായ കോഴിക്കോട് സ്വദേശി മഷൂഖ് വയനാട്ടിലെ കോഴി ഫാമില്‍ ഏല്‍പ്പിക്കാന്‍ നല്കിയ പണമാണു നഷ്ടപ്പെട്ടെന്ന വ്യാജേന ഇരുവരും ചേര്‍ന്നു സ്വന്തമാക്കാന്‍ ശ്രമിച്ചതെന്ന് പൊലിസ് പറഞ്ഞു.
മഷൂഖിന്റെ മാനേജര്‍ സന്ദീപ് ലോറിയിലെ കാബിനില്‍ സൂക്ഷിച്ച പണമാണു നഷ്ടപ്പെട്ടത്. തുടര്‍ന്ന് മഷൂഖ് നല്കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 3,71,000 രൂപ പൊലിസ് പ്രതികളില്‍ നിന്നു കണ്ടെടുത്തു. മഷൂഖും സന്ദീപും ഷിഹാബുദ്ദീനും ചേര്‍ന്ന് കുന്ദമംഗലത്തെ ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറുന്നതിനിടയിലാണ് രാഹുലിനു പണം കൈമാറിയത്. ചേവായൂര്‍ സി.ഐ എ.വി ജോണും സംഘവുമാണ് കേസന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."