കൊറോണ; കൂടുതൽ കടുത്ത നടപടികൾക്കൊരുങ്ങി സഊദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: കൊറോണ വൈറസിനെ നേരിടാന്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്കൊരുങ്ങി സഊദി ആരോഗ്യ മന്ത്രാലയം. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ രൂപപ്പെടുത്തി. ശനിയാഴ്ച ഖത്തര്‍ ഉള്‍പ്പെടെ അയല്‍രാജ്യങ്ങളിലെല്ലാം കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സഊദി അറേബ്യ പ്രതിരോധത്തിന് കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നത്. കൊറോണ ബാധിക്കാത്ത ഏക ഗള്‍ഫ് രാജ്യമാണിപ്പോള്‍ സഊദി അറേബ്യ.
വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഗള്‍ഫിലെ വലിയ രാഷ്ട്രങ്ങളിലൊന്നാണ് സഊദി. അതുകൊണ്ട് തന്നെ കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുംദിനങ്ങളില്‍ സാഹചര്യമനുസരിച്ച് ഇവ പ്രാബല്യത്തില്‍ വരും. ആരോഗ്യമന്ത്രാലയം ഒരോ ദിനവും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ആലോചിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. കൊറോണ പ്രതിരോധത്തിനായുള്ള പ്രത്യേക സമിതിയുടെ എട്ടാമത്തെ യോഗമാണ് നടന്നത്.
ആദ്യ യോഗം ഫെബ്രുവരി തുടക്കത്തിലായിരുന്നു. സിവില്‍ ഡിഫന്‍സ്, ഊര്‍ജം, ആഭ്യന്തരം, നാഷനല്‍ ഗാര്‍ഡ്, വിദേശകാര്യം, ആരോഗ്യം, ധനകാര്യം, മാധ്യമം, വാണിജ്യം, നിക്ഷേപം, ഹജ്ജ് ഉംറ, വിദ്യാഭ്യാസം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, റെഡ്ക്രസന്റ്, ഫുഡ് ആന്‍ഡ് ഡ്രഗ്‌സ്, കസ്റ്റംസ്, ടൂറിസം, നാഷനല്‍ പ്രിവന്‍സ് ആന്‍-ഡ് കണ്‍ട്രോള്‍ സെന്റര്‍ തുടങ്ങിയ മന്ത്രാലയങ്ങളും വകുപ്പുകളും സമിതിയില്‍ അംഗമാണ്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികളും രോഗപകര്‍ച്ച തടയുന്നതിനായി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നടപ്പാക്കിയ പ്രതിരോധ മാര്‍ഗങ്ങളും യോഗത്തില്‍ വിലയിരുത്തി. രാജ്യത്ത് ഇതുവരെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യോഗം വ്യക്തമാക്കി. കൊറോണ വൈറസ് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ഹെല്‍ത്ത് സെന്ററിന്റെ 937 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."