കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന്റെ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ന്യൂദല്‍ഹി: നാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറെ നല്‍കിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. 2017 ജൂലൈ വരെ അനുമതി നീട്ടണമെന്നാണ് ഹരജിയിലെ ആവശ്യം. ഇറ്റലിയില്‍ നില്‍ക്കാനുള്ള അയാളുടെ കാലാവധി 2016 സപ്തംബറില്‍ അവസാനിച്ചിരുന്നു.
നേരത്തെ കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്തോറ ജീറോണിന് ഇറ്റലിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര ട്രിബ്യൂണലിലെ കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഇറ്റലിയില്‍ കഴിയാനാണ് അനുമതി. യുഎന്നിന്റെ അന്താരാഷ്ട്ര ട്രിബ്യൂണലില്‍ വഴങ്ങേണ്ടിവന്ന ധാരണകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ഉപാധികളോടെയാണ് നാവികന് മടങ്ങാന്‍ കോടതി അനുമതി നല്‍കിയത്.
ഇറ്റലിയിലാണ് കഴിയുന്നതെങ്കിലും ഭാരതത്തിന്റെ അധികാര പരിധിയിലായിരിക്കണം നാവികന്‍, സാല്‍വത്തോറയ്ക്ക് മേല്‍ ഇന്ത്യന്‍ സുപ്രീംകോടതിക്ക് അധികാരം ഉപയോഗിക്കാം, ട്രിബ്യൂണല്‍ വിധി ഇന്ത്യക്ക് അനുകൂലമായാല്‍ ഒരു മാസത്തിനുള്ളില്‍ നാവികന്‍ മടങ്ങിയെത്തുമെന്ന് ഇറ്റാലിയന്‍ അംബാസിഡര്‍ ഉറപ്പ് എഴുതി നല്‍കണം, നാവികന്‍ പാസ്‌പോര്‍ട്ട് ഇറ്റാലിയന്‍ അധികൃതര്‍ക്ക് കൈമാറണം എന്നിവയായിരുന്നു ഉപാധികള്‍.
2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേരളത്തിലെ കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ രണ്ട് ഇന്ത്യാക്കാര്‍ ഇന്ത്യന്‍ സമുദ്രത്തില്‍ വെടിയേറ്റുകൊല്ലപ്പെടുകയായിരുന്നു. മലയാളിയായ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, തമിഴ്‌നാട് കന്യാകുമാരിയിലെ ഇരയിമ്മാന്‍തുറ കോവില്‍ വിളാകത്ത് അജീഷ് പിങ്കു എന്നിവരാണ് കൊല്ലപ്പെട്ടത്.
എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നുമാണ് വെടിയേറ്റത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് കപ്പലിലെ സുരക്ഷാഭടന്മാര്‍ വെടിവെച്ചതാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."