ബാങ്ക് ഇടപാടുകള്‍ക്ക് ചാര്‍ജ്ജ്; എന്തിന്, എത്ര? അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: നിശ്ചിത പരിധി കഴിഞ്ഞുള്ള ഇടപാടുകള്‍ക്ക് അധിക ചാര്‍ജ്ജ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്കുകള്‍. ഇപ്പോള്‍ സൗജന്യമായി ലഭിക്കുന്ന ചില സൗകര്യങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് നല്‍കേണ്ടി വരും.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
1. എസ്.ബി.ഐയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഒരു മാസത്തില്‍ മൂന്നു തവണ സൗജന്യമായി പണം നിക്ഷേപിക്കാം. അതിനുശേഷമുള്ള ഓരോ നിക്ഷേപത്തിനും 50 രൂപ അധിക ചാര്‍ജ്ജും അതിന്റെ സേവന നികുതിയും അടയ്‌ക്കേണ്ടി വരും.
2. മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കാനും എസ്.ബി.ഐ തീരുമാനിച്ചിട്ടുണ്ട്.
3. മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ മിനിമം 5000 രൂപയാണ് ബാലന്‍സ് സൂക്ഷിക്കേണ്ടത്. മെട്രോ നഗരങ്ങളില്‍ 3000 രൂപയും നഗരങ്ങളില്‍ 2000 രൂപയുമാണ് മിനിമം സൂക്ഷിക്കേണ്ടത്. ഇതിന്റെ 75 ശതമാനത്തിനും താഴെയാണ് ബാലന്‍സെങ്കില്‍ 100 രൂപയും സേവനനികുതിയും ഈടാക്കും. 50 ശതമാനത്തിനു താഴെയാണെങ്കില്‍ 50 രൂപയും സേവന നികുതിയും.
4. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ മറ്റു ബാങ്കുകളില്‍ നിന്നാണെങ്കില്‍ മൂന്നു തവണയില്‍ കൂടിയാല്‍ 20 രൂപയും എസ്.ബി.ഐയുടെ എ.ടി.എമ്മുകളില്‍ നിന്ന് അഞ്ചു തവണയില്‍ കൂടിയാല്‍ 10 രൂപയും ഈടാക്കും.
5. 25000 രൂപയില്‍ അധികം ബാലന്‍സ് ഉണ്ടെങ്കില്‍ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ നിന്ന് അധിക ചാര്‍ജ്ജ് നല്‍കാതെ എത്രയും പിന്‍വലിക്കാം. ഒരു ലക്ഷം രൂപ ബാലന്‍സുണ്ടെങ്കില്‍ മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിന്ന് എത്ര തവണയും പിന്‍വലിക്കാം.
6. ഓരോ പാദത്തിലും (മൂന്നു മാസം) ശരാശരി 25,000 രൂപ ബാലന്‍സ് ഉള്ള ഡെബിറ്റ് കാര്‍ഡ് ഉടമകളില്‍ നിന്ന് ഓരോ പാദത്തിനും 15 രൂപ എസ്.എം.എസ് അലെര്‍ട്ടിനായി പിടിക്കും. ആയിരം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് യു.പി.ഐ/യു.എസ്.എസ്.ഡി ചാര്‍ജ്ജ് ഈടാക്കില്ല.
ആക്‌സിസ് ബാങ്ക്
1. എല്ലാ മാസവും അഞ്ച് ഇടപാടുകള്‍ (നിക്ഷേപവും പിന്‍വലിക്കലും അടക്കം) ആക്‌സിസ് ബാങ്ക് സൗജന്യമായി നല്‍കും. അതിനുശേഷം ഓരോ ഇടപാടിലും മിനിമം 95 രൂപ നല്‍കേണ്ടി വരും.
2. ഹോം ബ്രാഞ്ചിതര ബ്രാഞ്ചുകളിലും അഞ്ച് പണമിടപാടുകള്‍ വരെയാവാം. പക്ഷെ, ഒരു ദിവസം 50,000 രൂപ വരെ മാത്രമേ നിക്ഷേപം പാടുള്ളൂ. അതില്‍ കൂടുതല്‍ നിക്ഷേപിക്കാനോ അല്ലെങ്കില്‍ ആറാമത്തെ നിക്ഷേപം നടത്താനോ ഓരോ ആയിരം രൂപയ്ക്കും 2.50 രൂപ വച്ച് നല്‍കേണ്ടി വരും. അല്ലെങ്കില്‍ ഓരോ ഇടപാടിനും 95 രൂപ. ഏതാണോ വലുത്, അത്.
എച്ച്.ഡി.എഫ്.സി ബാങ്ക്
1. ഓരോ മാസവും നാല് ഇടപാടുകള്‍ മാത്രമാണ് എച്ച്.ഡി.എഫ്.സി ബാങ്കില്‍ സൗജന്യം. അതുകഴിഞ്ഞാല്‍ ഒരു ഇടപാടിന് 150 രൂപ അധികം നല്‍കണം.
2. പുതിയ നിരക്കുകള്‍ സേവിങ്‌സ്, സാലറി അക്കൗണ്ടുകള്‍ക്കും ബാധകം.
3. ഹോം ബ്രാഞ്ചിലെ ഇടപാടിന് ഒരു ദിവസം രണ്ടു ലക്ഷം വരെ സൗജന്യം അനുവദിക്കും. അതിനുശേഷം ഓരോ ആയിരം രൂപയ്ക്കും 5 രൂപയോ ഇടപാടിന് 150 രൂപയോ ഈടാക്കും.
4. ഹോം ഇതര ബ്രാഞ്ചുകളില്‍ നിന്ന് 25000 രൂപയില്‍ കൂടുതലുള്ള ഇടപാടിന് ഓരോ ആയിരം രൂപയ്ക്കും 5 രൂപയോ ഇടപാടിന് 150 രൂപയോ ഒടുക്കേണ്ടി വരും.
ഐ.സി.ഐ.സി.ഐ ബാങ്ക്
1. ഹോം സിറ്റിയിലെ ബ്രാഞ്ചുകളില്‍ നിന്ന് നാല് ഇടപാടുകള്‍ക്ക് വരെ അധിക നിരക്ക് ഈടാക്കില്ല. അതുകഴിഞ്ഞാല്‍ ഓരോ ആയിരം രൂപയ്ക്കും 5 രൂപ വച്ചോ മാസത്തില്‍ 150 രൂപയോ ഈടാക്കും.
2. തേര്‍ഡ് പാര്‍ട്ടി പരിധി ദിവസേന 50,000 ആക്കി.
3. ഡെപ്പോസിറ്റ് മെഷീനുകളില്‍ ആദ്യ ഇടപാട് സൗജന്യമായിരിക്കും. പിന്നീടുള്ള ഓരോ ഇടപാടിനും ഓരോ ആയിരം രൂപയ്ക്കും 5 രൂപ ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."