വനിതാ എസ്.ഐയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട 50ഓളം പേര്‍ക്കെതിരേ പൊലിസ് നടപടി
കട്ടപ്പന: സ്റ്റേഷനില്‍ വിളിപ്പിച്ച പ്രതിയെ കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന പരാതിയെ തുടര്‍ന്നു സ്ഥലം മാറ്റപ്പെട്ട വനിത എസ്. ഐക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട സംഭവത്തില്‍ നിരവധി പേര്‍ കുടുങ്ങും. തങ്കമണി സ്റ്റേഷനില്‍നിന്ന് കട്ടപ്പന വനിതാ സെല്ലിലേക്ക് സ്ഥലം മാറ്റം കിട്ടിയ എസ്. ഐ കെ.ജെ ജോഷിയെ അപമാനിച്ച സംഭവത്തിലാണ് നടപടി.
ഇതേ സമയം പ്രതിയെ സ്റ്റേഷനില്‍ മര്‍ദിച്ചെന്ന ആരോപണം സത്യവിരുദ്ധമാണെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കട്ടപ്പന സി.ഐ വി. എസ് അനില്‍ കുമാര്‍ പറഞ്ഞു. കണ്ണിന് പരുക്കേറ്റെന്ന പരാതിയുമായി മരിയാപുരം ചട്ടിക്കുഴി വെളിയംകുന്നേല്‍ ഷിബുവാണ് പൊലിസ് മര്‍ദിച്ചുവെന്നു പരാതിപ്പെട്ടത്.
വെള്ളം കുടിക്കാന്‍ ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചുവെന്നും ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ ഇയാള്‍ പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഷിബു മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ ഷിബുവിന്റെ ഒരു കണ്ണും മുഖവും ചുവന്നിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ ധിക്കാരത്തോടെ പെരുമാറിയ ഇയാള്‍ തുടര്‍ച്ചയായി കണ്ണ് തിരുമ്മി ചുവപ്പിക്കുകയും മുഖമാകെ തിരുമ്മുകയും ചെയ്തതാണ് മര്‍ദനത്തിന്റെ പ്രതീതിയുണ്ടാകാന്‍ കാരണമെന്നും പൊലിസ് വിശദീകരിച്ചു. ഇതിനിടെ സ്റ്റേഷനില്‍ കാല്‍തെറ്റി വീഴുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ എസ്. ഐയേയും ഡ്രൈവര്‍ സിബിയേയും കട്ടപ്പനയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ കൂടുതല്‍ വിവാദങ്ങളുയരാതിരിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് പൊലിസിന്റെ വിശദീകരണം.
ഇതിനിടെയാണ് വനിതാ എസ്.ഐയുടെ ഫോട്ടോ സഹിതം ഫേസ് ബുക്കില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഫോട്ടോക്കൊപ്പം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പുമുണ്ടായിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ അസഭ്യം നിറഞ്ഞ കമന്റുകളും ഷെയറും പിന്നാലെയുണ്ടായി. ഒടുവില്‍ എസ്.ഐ തന്നെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി ആക്ട് പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ പറഞ്ഞു. ചാലക്കുടി സ്വദേശിയാണ് എസ്.ഐയുടെ ഫോട്ടോയുമായി പോസ്റ്റിട്ടതെന്നു കണ്ടെത്തിയിട്ടുണ്ടെന്നു സി.ഐ അനില്‍കുമാര്‍ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കും വിധം പോസ്റ്റുകളിട്ട അന്‍പതോളം പേര്‍ കേസില്‍ പ്രതികളായേക്കും. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."