എം പാനലുകാരുടെ പിരിച്ചുവിടല്‍, പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്പ്പറത്തിക്കൊണ്ടാണെന്ന്് ആരോപിച്ച് നല്കിയ അടിയന്തിര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള കോടതി ഉത്തരവ് കള്ളക്കളിയിലൂടെ ഒപ്പിച്ചെടുത്തതാണെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചുകൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കെ.എസ്.ആര്.ടി.സി സി.എം.ഡി ടോമിന് തച്ചങ്കരിയെ നിലയ്ക്കുനിര്‍ത്താന്‍ ഗതാഗത മന്ത്രിക്ക് കഴിയുന്നില്ല. എല്‍.ഡി.എഫ് നയമല്ല സി.എം.ഡി നടപ്പാക്കുന്നതെന്നാണ് ഇടത് തൊഴിലാളി യൂനിയനുകളുടെ നേതാക്കള്‍ പറയുന്നത്. ലോഫ്ളോര്‍ ബസില്‍ ചില്ല് ബസ് എന്ന് എഴുതിയൊട്ടിച്ച ഭരണപരിഷ്കാരത്തിന് അവാര്‍ഡ് കൊടുക്കണം.
പിരിച്ചുവിടപ്പെട്ട എം പാനലുകാര്‍ക്ക് ജീവിക്കാന്‍ എന്തെങ്കിലും മാര്‍ഗം സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമ വിധി വന്നതിനുശേഷം ഇക്കാര്യത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് മറുപടിയായി പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പിരിച്ചുവിടലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."