ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം; ആഴ്‌സണലിനും റയലിനും നിര്‍ണായകം
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിലെ നിര്‍ണായക പോരാട്ടങ്ങള്‍ ഇന്ന്. പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ആഴ്‌സണല്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കുമായും റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ ടീം നാപോളിയുമായി പോരിനിറങ്ങും.
ആദ്യ പാദത്തില്‍ 5-1ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ആഴ്‌സണലിനു ഇന്നു സ്വന്തം തട്ടകത്തില്‍ മികച്ച വിജയം സ്വന്തമാക്കിയാല്‍ മാത്രമാണു ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ സാധിക്കൂ. കഴിഞ്ഞ ആറു ചാംപ്യന്‍സ് ലീഗ് സീസണുകളിലും പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് കടക്കാന്‍ സാധിക്കാത്തതിന്റെ നാണക്കേട് കഴുകികളയാന്‍ ഗണ്ണേഴ്‌സിനു വിജയത്തില്‍ കുറഞ്ഞതൊന്നും രക്ഷക്കെത്തില്ല. ആദ്യ പാദത്തിലെ എവേ പോരാട്ടത്തില്‍ ഒരു ഗോള്‍ മടക്കിയതു മാത്രമാണു പീരങ്കിപ്പടയ്ക്ക് ആശ്വസം നല്‍കുന്നത്. പക്ഷേ അതുകൊണ്ടുമാത്രമായില്ലെന്നു കോച്ച് ആഴ്‌സന്‍ വെംഗര്‍ക്കു നല്ലതുപോലെ അറിയാം. ആദ്യപാദ പോരാട്ടത്തില്‍ ബയേണിനു മുന്നില്‍ പകച്ചു പോയ ആഴ്‌സണല്‍ വന്‍ വിമര്‍ശനങ്ങളാണു ഏറ്റുവാങ്ങിയത്. മെസുറ്റ് ഓസിലടക്കമുള്ള താരങ്ങളുടെ മങ്ങിയ പ്രകടനമാണ് അന്നു അലയന്‍സ് അരീനയില്‍ ഗണ്ണേഴ്‌സിനെ പിന്നോട്ടടിച്ചത്. ഇന്നത്തെ പോരാട്ടം വെംഗറുടെ ആഴ്‌സണലിലെ ഭാവി സംബന്ധിച്ചും നിര്‍ണായകമാണ്. സ്വന്തം തട്ടകത്തില്‍ ശക്തമായി തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണു അവര്‍.
മികച്ച ഫോമില്‍ കളിക്കുന്ന ബയേണ്‍ കാര്യമായ വേവലാതികളില്ലാതെയാണു ഇറങ്ങുന്നത്. ചാംപ്യന്‍സ് ലീഗില്‍ ആഴ്ണലിനെതിരേ നേടിയ വിജയത്തിനു പിന്നാലെ ജര്‍മന്‍ ബുണ്ടസ് ലീഗയിലും മിന്നും പ്രകടനമാണു ടീം പുറത്തെടുക്കുന്നത് എന്നതിനാല്‍ ആത്മവിശ്വസത്തിനു ഒട്ടും കുറവില്ലാതെയാണു ബാവേറിയന്‍സിന്റെ വരവ്.
സ്വന്തം തട്ടകത്തില്‍ നാപോളിയെ 3-1നു തകര്‍ത്ത റയലിനു ഇന്നു മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. എവേ പോരാട്ടത്തില്‍ ഒരു ഗോള്‍ നേടി ക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്തിയാണു നാപോളി പോരിനിറങ്ങുന്നത്. അതേസമയം കഴിഞ്ഞ ലാ ലിഗ പോരാട്ടത്തില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗെരത് ബെയ്ല്‍ എന്നിവര്‍ ഇന്നു റയലിന്റെ നിരയില്‍ കളിക്കുമെന്നത് അവര്‍ക്ക് ആശ്വാസം നല്‍കുന്നു. ഇരുവരും ഇല്ലാതെയും ലാ ലിഗയിലെ കഴിഞ്ഞ മത്സരത്തില്‍ നാലു ഗോളുകളടിച്ചു വിജയിച്ചതിന്റെ ആത്മവിശ്വാസവും സിനദിന്‍ സിദാനും സംഘത്തിനുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."