കെ.എ.എസ് ഉത്തരവ് ഇറങ്ങുന്നത് വരെ ജാഗ്രത പാലിക്കണം: അഹമ്മദ് കബീര്‍
തിരുവനന്തപുരം:കെ.എ.എസ്(കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ്) സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത് വരെ പിന്നാക്ക സമുദായ നേതൃത്വങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ
സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന് (എസ്.കെ.എം.ഇ.എ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെമ്പര്‍ഷിപ് കാംപയിനും പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുത്തുവേണം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുനീക്കാന്‍. സമുദായ സംഘടനകളില്‍നിന്നുള്ള ശക്തമായ നിലപാടുകളാണ് സംസ്ഥാന സര്‍ക്കാരിനെ ഈ വിഷയത്തില്‍ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. കെ.എ.എസിലെ സ്ട്രീം രണ്ട്, സ്ട്രീം മൂന്ന് റിസര്‍വേഷന്‍ എന്നതില്‍ ബൈ ട്രാന്‍സ്ഫര്‍ എന്നത് മാറ്റി ഡയറക്ട് റിക്രൂട്ട്മെന്റ് എന്നാക്കിയാലെ സംവരണ വിഭാഗങ്ങള്‍ക്ക് കെ.എ.എസിന്റെ പ്രയോജനം ലഭിക്കൂവെന്നും അഹ്മദ് കബീര്‍ ഓര്‍മിപ്പിച്ചു. ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവില്‍വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ വിജ്ഞാപനം ഉണ്ടായാലെ മുസ്ലിംകള് ഉള്‍പ്പെടെയുള്ള പിന്നാക്ക സമൂഹങ്ങള്‍ക്ക് പ്രയോജനം ഉണ്ടാവൂവെന്നും കബീര്‍ പറഞ്ഞു. പിന്നാക്കക്കാര്‍ക്കായി മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ടുപോലും നടപ്പാക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്ന സ്ഥാനത്ത് യാതൊരു കാലവിളംബവും കൂടാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതെന്ന് ഡോ.പി.നസീര്‍ നേമം വ്യക്തമാക്കി.
പിന്നാക്ക വിഷയങ്ങളില്‍ മതിയായ രേഖകളില്ലെന്ന നിലപാടാണ് സ്വീകരിക്കാറെന്നും അദ്ദേഹം പറഞ്ഞു. അംഗത്വ വിതരണം ഡോ. എം.അബ്ദുറഹ്മാന് നല്‍കിക്കൊണ്ട് അഹ്മദ് കബീര്‍ നിര്‍വഹിച്ചു. ഡോ. വിഴിഞ്ഞം റഹ്മാന് അധ്യക്ഷനായി.
എസ്.കെ.ജെ.യു ജില്ലാ പ്രസിഡന്റ് ഷാജഹാന് ദാരിമി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, നൗഷാദ് ഹുദവി, സുബൈര്‍ വഴിമുക്ക് സംസാരിച്ചു. ചുള്ളിമാനൂര്‍ അഹ്മദ് റഷാദി പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."