സ്റ്റേ നീക്കം ചെയ്തു തലശ്ശേരി കടല്‍ഭിത്തി നിര്‍മാണം പുനരാരംഭിച്ചു
തലശ്ശേരി: തലശ്ശേരി കടപ്പുറത്ത് മുടങ്ങിക്കിടന്ന ഭിത്തി നിര്‍മാണം ഇന്നലെ വീണ്ടും പുനരാരംഭിച്ചു. ഏഴു മാസം മുന്‍പ് ഉപജീവനം തടസമാകുമെന്ന് കാണിച്ച് ഏതാനും കല്ലുമ്മക്കായ തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ച് പ്രവൃത്തി തടസപ്പെടുത്തുകയായിരുന്നു.
നിലവിലുള്ള അവസ്ഥ കണക്കിലെടുത്ത് ജലസേചന വകുപ്പ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രവൃത്തി വീണ്ടും ആരംഭിക്കാനുള്ള അനുമതി വാങ്ങുകയായിരുന്നു. കരയിടിയുന്നതിന്റെ ചിത്രങ്ങള്‍ സഹിതം ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതിക്ക് ബോധ്യമായതിനെ തുടര്‍ന്നാണ് കേസ് സ്റ്റേ ചെയ്ത് പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്ഥിതി തുടര്‍ന്നു പോയാല്‍ കരയെ ബാധിക്കുമെന്ന് പ്രദേശവാസികള്‍ക്കും ബോധ്യമായി. ഇന്നലെ രാവിലെ മുതല്‍ പൊലിസ് സംരക്ഷണത്തിലാണ് വീണ്ടും പ്രവൃത്തി ആരംഭിച്ചത്. കരയുടെ അടിത്തറ നന്നാക്കുന്ന പ്രവൃത്തിയാണ് നിലവില്‍ നടക്കുന്നത്. ഇക്കഴിഞ്ഞ ഓഖികടല്ക്ഷോഭവേളയില് മത്സ്യ മാര്‍ക്കറ്റിനും കടലിനും ഇടയിലുള്ള തീരദേശ റോഡ് തകര്‍ന്നതും തൊട്ടപ്പുറം ജനറല്‍ ആശുപത്രി കെട്ടിടങ്ങള്‍ അപകട ഭീഷണി നേരിട്ടതും കാരണമാണ് തീരത്ത് കടല്‍ഭിത്തി കെട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിച്ചിരുന്നത്. സംരക്ഷണ ഭിത്തി നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ വരുന്ന കാലവര്‍ഷത്തില്‍ സ്ഥിതി വഷളാകുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."