തറാവീഹിന്റെ റക്അത്ത്: വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല
അബൂ ഹുറൈറ (റ) യില്‍ നിന്ന് നിവേദനം. റമദാന്‍ മാസത്തില്‍ നിസ്‌കരിക്കുന്നതിനെ തിരുനബി (സ്വ) പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ബന്ധ രൂപേണ കല്‍പിച്ചിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: 'വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചും ആരെങ്കിലും റമദാനില്‍ നിസ്‌കരിച്ചാല്‍ അവന്റെ പൂര്‍വകാല പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്'(മുസ്‌ലിം, മുവത്വ).
വിശുദ്ധ റമദാന്‍ മാസത്തിലെ രാത്രി നിസ്‌കാരം ഏറെ പുണ്യമുള്ളതും കാലാകാലങ്ങളായി മുസ്‌ലിം ഉമ്മത്ത് അതീവ കണിശതയോടെ കൊണ്ടുനടക്കുന്നതുമാണ്. പാപങ്ങളൊക്കെയും പൊറുക്കപ്പെടണമെന്നും ആത്മീയമായി മെച്ചപ്പെടണമെന്നും ആഗ്രഹിക്കുന്ന വിശ്വാസികളെല്ലാം, മറ്റു മാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി റമദാന്‍ മാസത്തിലെ രാത്രികളില്‍ പ്രത്യേകം നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് തറാവീഹ് നിസ്‌കാരം. തറാവീഹ് നിസ്‌കാരം സുന്നത്താണെന്നതില്‍ ഇജ്മാഉണ്ടെന്ന് ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബിലും ഇമാം സര്‍ഖസി (റ) മബ്‌സൂത്വിലും മറ്റു പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.
തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം എത്രയാണ് എന്നതില്‍ മുന്‍കാലങ്ങളിലില്ലാത്ത വിധം തര്‍ക്കം ഉടലെടുക്കുകയും റമദാനിലെ പുണ്യമായ ദിനരാത്രങ്ങള്‍ അത്തരം വിവാദങ്ങളില്‍ ബഹളമയമാകുകയും ചെയ്തു എന്നത് ഖേദകരമാണ്. പൂര്‍വസൂരികളായ സച്ചരിതര്‍ നിരാക്ഷേപം നിര്‍വഹിക്കുകയും തലമുറകളിലൂടെ കൈമാറിപ്പോരുകയും ചെയ്ത സുകൃതങ്ങളിലെല്ലാം സംശയാത്മകത തിരയുന്നത് യഥാര്‍ഥത്തില്‍ ബാഹ്യശക്തികളുടെ കുതന്ത്രങ്ങള്‍ക്ക് കുടപിടിക്കലാണെന്ന് പറയാതെ വയ്യ.
റമദാനിലെ മൂന്നു രാത്രികളില്‍ തിരുനബി (സ്വ) ജമാഅത്തായി നിസ്‌കരിച്ചു എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ എത്രയായിരുന്നു അതെന്ന് ആ നിവേദനങ്ങളിലൊന്നും പരാമര്‍ശിക്കുന്നില്ല. അപ്പോള്‍ പരിശോധിക്കേണ്ടത് സ്വഹാബത്തിന്റെ ചര്യയാണ്. മൂന്നു രാത്രികളില്‍ ജമാഅത്തായി നിസ്‌കരിച്ച തിരുനബി (സ്വ) പിന്നീട് ജമാഅത്ത് ഉപേക്ഷിച്ചു. അബൂബക്‌റി (റ) ന്റെ കാലത്തും ജമാഅത്തായി നിസ്‌കരിച്ചില്ല. പിന്നീട് ഉമറി (റ) ന്റെ കാലത്താണ് ജമാഅത്തായി തറാവീഹ് സംഘടിപ്പിക്കപ്പെട്ടത്. അത് 20 റക്അത്തായിരുന്നു. അതിനവര്‍ക്ക്, തിരുനബി (സ്വ) യില്‍ നിന്ന് മനസ്സിലാക്കിയ അടിസ്ഥാനമുണ്ടായിരുന്നു എന്നു തന്നെയാണ് കരുതേണ്ടത്. തിരുനബി (സ്വ) യില്‍ നിന്ന് യാതൊരു പ്രമാണവും ലഭിക്കാതെ ദീനില്‍ പുതിയൊരു ആചാരം സച്ചരിതരായ സ്വഹാബത്ത് സ്വന്തമായി നിര്‍മിച്ചുണ്ടാക്കി എന്ന് ധരിക്കാന്‍ വിശ്വാസികള്‍ക്ക് സാധ്യമല്ല. ഉമറി (റ) ന്റെ ഈ പ്രവൃത്തിയെ സമകാലികരായ സ്വഹാബത്തില്‍ ആരും തന്നെ ആക്ഷേപിച്ചില്ല എന്നു മാത്രമല്ല പൂര്‍ണമായും അംഗീകരിക്കുകയാണ് ചെയ്തത്.
ഉമര്‍ (റ), തറാവീഹ് 20 റക്അത്തും ജമാഅത്തുമായി സംഘടിപ്പിച്ച സംഭവം പ്രമാണയോഗ്യമായ വിവിധ റിപ്പോര്‍ട്ടുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. സാഇബ് ബിന്‍ യസീദി (റ)ല്‍ നിന്ന്, ബൈഹഖി (റ) തന്റെ സുനുല്‍ കുബ്‌റയിലും മഅ്‌രിഫതു സ്സുനി വല്‍ ആസാറിലും അബ്ദുറസാഖു സ്സ്വന്‍ആനി (റ) തന്റെ മുസ്വന്നഫിലും ഇതു രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ നിവേദനങ്ങള്‍ക്കൊന്നും യാതൊരു കുഴപ്പവും ആരും ആരോപിച്ചിട്ടില്ല. അബ്ദുറസാഖ് (റ) മുസ്വന്നഫില്‍ ഇതു രേഖപ്പെടുത്തിയത് അദ്ദേഹത്തിന് കാഴ്ച ശക്തി നഷ്ടപ്പെടുന്നതിനു മുന്‍പാണ്. എന്തെങ്കിലും പ്രശ്‌നം അദ്ദേഹത്തിന്റെ നിവേദനങ്ങളില്‍ ഉണ്ടെങ്കില്‍ തന്നെ അതെല്ലാം കാഴ്ച നഷ്ടപ്പെട്ടതിനു ശേഷം പറഞ്ഞ ഹദീസുകളില്‍ മാത്രമാണ്. പാടെ അസ്വീകാര്യനായിരുന്നെങ്കില്‍, അദ്ദേഹത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഹദീസുകള്‍ സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും എങ്ങനെ സ്ഥാനംപിടിച്ചു? ഹദീസിന്റെ നിദാനശാസ്ത്രത്തില്‍ പാലിക്കപ്പെടുന്ന സകല മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി അത്തരം ഉദ്യമങ്ങള്‍ക്ക് മുതിരുന്നവര്‍ സ്വയം വിഢികളാകുകയാണ് ചെയ്യുന്നത്.
സ്വഹാബത്ത് 20 ആയിരുന്നു നിസ്‌കരിച്ചിരുന്നത് എന്നതിന് വേറെയും ധാരാളം രേഖകളുണ്ട്. അബൂ ബക്‌റി (റ) ന്റെ മകന്‍ അബ്ദുല്‍ റഹ്മാന്‍ (റ) ജനങ്ങള്‍ക്ക് ഇമാമായി തറാവീഹ് ഇരുപത് റക്അത്ത് നമസ്‌കരിച്ചിരുന്നു എന്ന് ഇബ്‌നു അബിദ്ദുന്‍യാ (റ) തന്റെ ഫദാഇലു റമദാന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആഇഷ, ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍, ജാബിര്‍ (റ) തുടങ്ങിയ ഇരുന്നൂറോളം സ്വഹാബിമാരെ നേരില്‍ കാണുകയും അവരില്‍ നിന്ന് ദീന്‍ മനസ്സിലാക്കുകയും ചെയ്ത താബിഉകളില്‍ പ്രമുഖനും ഇസ്‌ലാമിക പണ്ഡിതനിരയിലെ കുലപതിയുമായ അത്വാഅ് ബിനു അബീ റബാഹ് (റ) പറയുന്നു: വിത്‌റ് അടക്കം23 റക്അത്ത് ജനങ്ങള്‍ (സ്വഹാബത്ത്) നിസ്‌കരിച്ചിരുന്നത് ഞാന്‍ കണ്ടു (മുസ്വന്നഫ് ഇബ്‌നി അബീ ശൈബ).
താബിഉകളായ അബ്ദുല്‍ അസീസ് ബിന്‍ റുഫൈഅ്, യസീദ് ബിന്‍ റൂമാന്‍, യഹ്‌യബിന്‍ സഈദില്‍ അന്‍സ്വാരി എന്നിവര്‍ ഉമറി(റ)ന്റെ കാലത്ത് 20 റക്അത്തായിരുന്നു നിസ്‌കരിച്ചിരുന്നത് എന്ന് മുവത്വയിലും മറ്റും കാണാം. ഈ റിപ്പോര്‍ട്ടുകള്‍ മൂന്നും മുര്‍സലാണെങ്കിലും മേല്‍പറഞ്ഞ റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ഇവയും പ്രമാണയോഗ്യമാണെന്നത് ഇവിടെ ശ്രദ്ധേയമാണ്.
താബിഉകളില്‍ മുതിര്‍ന്നവരും പ്രധാനിയുമായ സുവൈദ് ബിന്‍ ഗഫല (റ) എന്നവര്‍ ഇമാമായി നിന്ന് 20 റക്അത്ത് നിസ്‌കരിച്ചിരുന്നു എന്ന് ഇമാം ബുഖാരി (റ) തന്റെ താരീഖിലും ഇമാം ബൈഹഖി (റ) സുനുല്‍ കുബ്‌റായിലും രേഖപ്പെടുത്തിയിട്ടുണ്ട്. മുപ്പതോളം സ്വഹാബിമാരില്‍ നിന്ന് ദീനീ ജ്ഞാനം സ്വീകരിച്ച ഇബ്‌നു അബീ മുലൈക, ശുതൈറു ബ്‌നു ശകല്‍, സഈദ് ബിന്‍ ഫൈറൂസ് (റ) എന്നീ താബിഉകളും 20 ആണ് നിസ്‌കരിച്ചിരുന്നത്. (മുസ്വന്നഫ് ഇബ്‌നി അബീ ശൈബ). ഇവയില്‍ നിന്നെല്ലാം ഉമറി (റ) ന്റെ കാലം മുതല്‍ സ്വഹാബത്തും ശേഷം താബിഉകളും തറാവീഹ് 20 റക്അത്ത് നിലനിര്‍ത്തിപ്പോന്നു എന്ന് വ്യക്തമാണ്.
തറാവീഹ് എട്ട് റക്അത്താണെന്നും അതിനേക്കാള്‍ വര്‍ധിപ്പിക്കുന്നത് അനാചാരമാണെന്നുമുള്ള വാദം വളരെ നവീനവും വിചിത്രവുമാണ്. 'തിരുനബി (സ്വ) റമദാനിലും അല്ലാത്തപ്പോഴും 11 റക്അത്തിനേക്കാള്‍ വര്‍ധിപ്പിക്കാറില്ല.' (ബുഖാരി, മുസ്‌ലിം) എന്ന് ആഇഷ (റ) അബൂസലമ (റ)യോട് പറഞ്ഞ ഹദീസാണ് ഈ വാദത്തിനു വേണ്ടി ഉയര്‍ത്തിക്കാട്ടുന്നത്.
എന്നാല്‍ റമദാനിലും അല്ലാത്തപ്പോഴും സുന്നത്തുള്ള ഒരു നിസ്‌കാരമാണ് അവിടെ പരാമര്‍ശം. ഇമാം മാലിക് (റ) മുവത്വയില്‍ ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുള്ളത് 'നബി(സ്വ)യുടെ വിത്‌റ് നിസ്‌കാരത്തെ കുറിച്ച് പറയുന്ന അധ്യായം' എന്ന ശീര്‍ഷകം നല്‍കിയിട്ടാണ്. ഇമാം ബുഖാരി (റ) സ്വഹീഹില്‍ റമദാനില്‍ നിസ്‌കരിക്കുന്നതിന്റെ പുണ്യം എന്ന അധ്യായത്തില്‍ ഈ ഹദീസ് കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, 11 റക്അത്ത് നിസ്‌കരിച്ചിരുന്നു എന്നു പറയുന്ന ആഇഷ (റ) യില്‍ നിന്ന് തന്നെ നിവേദനം ചെയ്യപ്പെട്ട മറ്റൊരു ഹദീസ് ഇമാം ബുഖാരി (റ) സ്വഹീഹില്‍ വിത്‌റിനെ കുറിച്ച് വന്നിട്ടുള്ളത് എന്ന അധ്യായത്തിലാണ് ഉദ്ധരിച്ചത്.
ആഇഷ (റ) ഉദ്ദേശിച്ചത് ഏതാണെന്ന് മഹതി തന്നെ കൃത്യമായി പറഞ്ഞത് മറ്റുപല റിപ്പോര്‍ട്ടുകളിലും വന്നിട്ടുണ്ട്. തിരുനബി (സ്വ) യുടെ രാത്രിയിലെ നിസ്‌കാരത്തെ വിവരിക്കുന്ന ധാരാളം റിപ്പോര്‍ട്ടുകള്‍ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. 13,11 , ഒമ്പത്, ഏഴ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളില്‍ വിവിധ എണ്ണമായിരുന്നു. ഇതില്‍ അധികവും 11 ആണ് നിസ്‌കരിച്ചിരുന്നത്. പിന്നീട് ഒന്‍പത് നിസ്‌കരിക്കുകയും കൂടുതല്‍ പ്രായവും ക്ഷീണവുമായപ്പോള്‍ ഏഴ് റക്അത്തും നിസ്‌കരിച്ചു.
അസ്‌വദ് ബിന്‍ യസീദ് (റ) ആഇഷ (റ) യോട് തിരുനബി (സ്വ) യുടെ രാത്രി നിസ്‌കാരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു: 'തിരുനബി (സ്വ) രാത്രിയില്‍ 13 റക്അത്ത് നിസ്‌കരിക്കുമായിരുന്നു. പിന്നെ അവിടുന്ന് 11 റക്അത്ത് നിസ്‌കരിച്ചു, രണ്ട് ഒഴിവാക്കി. പിന്നീട് അവിടുന്ന് വഫാതാകുമ്പോള്‍ ഒന്‍പത് റക്അത്തായിരുന്നു നിസ്‌കരിച്ചിരുന്നത്. അവിടുത്തെ രാത്രിയിലെ അവസാനത്തെ നിസ്‌കാരം ഒറ്റയായിരുന്നു.' (അബൂ ദാവൂദ്). പല സമയങ്ങളില്‍ പല നിലയില്‍ നിസ്‌കരിച്ച ഈ നിസ്‌കാരങ്ങളെല്ലാം വിത്ര്‍ ആയിരുന്നു എന്ന് ആഇഷ (റ) യുടെയും ഉമ്മുസലമ (റ) യുടെയും മറ്റു റിപ്പോര്‍ട്ടുകളില്‍ വ്യക്തമായി വന്നിട്ടുണ്ട്.
ഉമ്മു സലമ (റ) പറയുന്നു: ' തിരുനബി (സ്വ) 13 റക്അത്ത് വിത്ര്‍ നിസ്‌കരിക്കുമായിരുന്നു. പിന്നെ, പ്രായവും ക്ഷീണവുമായപ്പോള്‍ ഏഴ് റക്അത്ത് വിത്ര്‍ നിസ്‌കരിച്ചു.' (മുസ്‌നദ്). ഇങ്ങനെ നിരവധി റിപ്പോര്‍ട്ടുകള്‍ വ്യക്തമായി വന്നിട്ടുണ്ട്.
തിരുനബി (സ്വ) പതിനൊന്ന് റക്അത്ത് നിസ്‌കരിച്ചിരുന്നത് വിതറായിരുന്നു എന്ന് ആഇഷ (റ) തന്നെ വിശദീകരിച്ചിരിക്കെ എട്ട് തറാവീഹും മൂന്നു മാത്രം വിത്‌റും എന്ന് രണ്ടാക്കിപ്പിളര്‍ത്തിയതിന്റെ അടിസ്ഥാനമെന്ത്? ആ ഹദീസ് ഉയര്‍ത്തിക്കാട്ടി ആറു റക്അത്ത് തറാവീഹും അഞ്ചു റക്അത്ത് വിത്‌റും എന്നോ നാലും ഏഴും എന്നോ വാദിക്കാമല്ലോ?
ഇനി ആ ഹദീസിന് റമദാനില്‍ അങ്ങനെയാണ് അര്‍ഥമെങ്കില്‍ റമദാന്‍ കഴിഞ്ഞാല്‍ അതേ ഹദീസിന് എന്താണര്‍ഥം? ഇതിനെ മറച്ച് വയ്ക്കാനാണ് തറാവീഹും വിത്‌റും ഖിയാമുറമദാനും തഹജ്ജുദും ഖിയാമുല്ലൈലും എല്ലാം ഒന്നാണെന്ന് പുതിയ വാദം ഉയര്‍ത്തുന്നത്. അത് മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഇന് വിരുദ്ധമാണ്. സ്വന്തം താല്‍പര്യത്തിനായി ഇസ്്‌ലാമിക ചിഹ്നങ്ങളെ അവഹേളിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.
റമദാനിന്റെ രാത്രിയിലെ നമസ്‌കാരത്തില്‍ നബി (സ്വ) ഒരു നിശ്ചിത എണ്ണം നിശ്ചയിച്ചിട്ടില്ല എന്നും, കൂട്ടാനോ കുറക്കാനോ പാടില്ലാത്ത വിധം നബി (സ്വ) യില്‍ നിന്ന് കൃത്യമായ എണ്ണം വന്നിട്ടുണ്ടെന്ന് ആരെങ്കിലും ധരിച്ചുവക്കുന്നുവെങ്കില്‍ അത് തെറ്റാണെന്നും ഇബ്‌നു തൈമിയ്യ പോലും തന്റെ ഫതാവയില്‍ പറഞ്ഞിരിക്കെ എട്ടില്‍ കൂടുതല്‍ തറാവീഹ് നിസ്‌കരിച്ചാല്‍ അത് ബിദ്അത്തും അനാചാരവുമാണെന്ന് വാശിപിടിക്കുന്നത് സഹതാപമര്‍ഹിക്കുന്ന മണ്ടത്തരമാകുന്നു.
എട്ടിനെക്കാള്‍ കൂടുതല്‍ തറാവീഹ് നിസ്‌കരിക്കുന്നത് സുന്നത്തിനു വിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നത് അപകടകരമായ ആരോപണമാകുന്നു എന്നുകൂടി പറയേണ്ടതുണ്ട്. തറാവീഹ് ഇരുപതായും ജമാഅത്തായും സംഘടിപ്പിച്ച മഹാനായ ഉമര്‍ (റ), അതംഗീകരിച്ച സ്വഹാബത്ത്, അത് പിന്തുടര്‍ന്ന താബിഉകള്‍ ശേഷം വന്ന മുഴുവന്‍ മുസ്‌ലിം പണ്ഡിതന്മാര്‍, ഇവര്‍ക്കെല്ലാം നേരെയാണ് ഈ ദുരാരോപണം ഉന്നം പിടിച്ചുനില്‍ക്കുന്നത്. ഈ ദീന്‍ കൈമാറി വന്ന മഹത്തായ പരമ്പര എന്ന അടിവേരറുക്കുകയാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ കൊണ്ട് ലക്ഷീകരിക്കുന്നത്. ഈ പരമാര്‍ഥം നാം തിരിച്ചറിയേണ്ടതുണ്ട്.
മക്കയിലും മദീനയിലും 20 റക്അത്താണ് നിസ്‌കരിക്കുന്നത്. നാലുമദ്ഹബിലും 20 റക്അത്താണ് തറാവീഹ്. ലോക മുസ്്‌ലിംകള്‍ നിരാക്ഷേപം അനുവര്‍ത്തിച്ചു വരുന്ന കാര്യങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മുസ്്‌ലിം ഉമ്മത്തിന്റെ കര്‍മ്മങ്ങളെ വികലമാക്കാന്‍ശ്രമിക്കുകയും ചെയ്യുന്ന ഇത്തരം യുക്തിവാദികളുടെ വലയത്തില്‍ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ, ആമീന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."