കൊറോണ: 300 മില്ല്യന്‍ കുട്ടികള്‍ക്ക് അദ്ധ്യയനം നഷ്ടം
റഹ്മാന്‍ നെല്ലാങ്കണ്ടി
മസ്‌കറ്റ്: കോവിഡ് 19 ലോകമെമ്പാടുമുള്ള 300 മില്ല്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് അദ്ധ്യയനം നഷ്ടപ്പെടുത്തിയിരിക്കുന്നു. ചൈന ഇറ്റലി, ഇറാന്‍, ഇന്ത്യ, യു.എ.ഇ. തുടങ്ങി ഒരു ഡസനില്‍ അധികം രാജ്യങ്ങളില്‍ ആണ് രോഗബാധിത മേഖലയില്‍ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.
ലോകജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമായ ഇന്ത്യ വൈറസ് പടരാതിരിക്കാന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും മാര്‍ച്ച് അവസാനം വരെ അവധി പ്രഖ്യാപിച്ചു. ഇറ്റലിയില്‍ മരണസംഖ്യ 100 കടന്നപ്പോള്‍ ബുധനാഴ്ച മുതല്‍ എല്ലാ സ്‌കൂളുകള്‍ക്കും സര്‍വകലാശാലള്‍ക്കും മാര്‍ച്ച് 15 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 13 ന് നടക്കാനിരുന്ന ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയും മാറ്റിവച്ചു
ഇത് വരെയുള്ള കണക്ക് അനുസരിച്ച് ലോകത്തകമാനമായി 95,000 ആളുകള്‍ രോഗബാധിതരായി. 3200 ലധികം പേര്‍ മരിച്ചു. വ്യാഴാഴ്ചയോടെ 80 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഈ മാരക രോഗം എത്തിയിരിക്കുന്നു. ആദ്യത്തെ കൊറോണ വൈറസ് മരണത്തെത്തുടര്‍ന്ന് യുഎസിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎസിലെ മരണസംഖ്യ 11 ആയി ഉയര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ക്രൂയിസ് കപ്പല്‍ യുഎസ് കടല്‍ത്തീരത്ത് തന്നെ നിര്‍ത്തിയിട്ടിരിക്കുകയാണ്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യത്തെ മരണം സ്ഥിരീകരിച്ചു. ബോസ്‌നിയയിലും ദക്ഷിണാഫ്രിക്കയിലും ആദ്യത്തെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ഗ്രീസില്‍, ഇസ്രായേലില്‍ നിന്നും മടങ്ങിയെത്തിയ 21 യാത്രക്കാര്‍ക്ക് രോഗം പിടിപെട്ടു.
ഒമാനില്‍ വ്യാഴാഴ്ച വരെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാനിലേക്കും ഇറ്റലിയിലേക്കും യാത്ര ചെയ്തവര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇതില്‍ രണ്ട് പേരുടെ രോഗം ബേധമായി. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. മസ്‌കറ്റിലെ കോളേജ് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസിലെ ഒരു വിദ്യാര്‍ത്ഥിക്ക് ബുധനാഴ്ച കോവിഡ് 19 അണുബാധ സ്ഥിരീകരിച്ചതിനാല്‍ രണ്ടാഴ്ചത്തേക്ക് ക്ലാസുകള്‍ നിര്‍ത്തിവച്ചതായി കോളേജ് പ്രസ്താവനയില്‍ പറഞ്ഞു.
കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ച് ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയീദി വ്യാഴാഴ്ച വിശദീകരിച്ചു. ആരോഗ്യമേഖയില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാര്‍ഷിക ലീവ് എടുക്കാന്‍ പാടില്ല. മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തുന്നത് നിരോധിച്ചു. ക്വാറന്റൈനിലുള്ള രോഗികള്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള എല്ലമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും പൊതു സ്ഥലലങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന ഏതൊരാള്‍ക്കും നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."