ജനം ടി.വിയില്‍ രാംദേവിനെതിരേ വാര്‍ത്ത; ആര്‍.എസ്.എസില്‍ കലാപം
ന്യൂഡല്‍ഹി:കേരളത്തില്‍ ആര്‍.എസ്.എസ് ഉടമസ്ഥതയിലുള്ള ജനം ടി.വിയില്‍ സംഘപരിവാറുമായി ആഭിമുഖ്യം പുലര്‍ത്തുന്ന യോഗഗുരു ബാബാരാംദേവിനെതിരേ വാര്‍ത്തവന്നതിനെചൊല്ലി സംഘടനയില്‍ വിവാദം. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ അര്‍ബുദത്തിനു കാരണമാകുമെന്ന വാര്‍ത്തയാണ് വിവാദത്തിനു വഴിവച്ചത്.
യാതൊരു പരിശോധനയും കൂടാതെ വിപണിയിലെത്തുന്ന പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ അര്‍ബുദത്തിനു കാരണമാവുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മിക്ക മാധ്യമങ്ങളിലും എന്നതുപോലെ ജനം ടി.വിയും പ്രധാനവാര്‍ത്തയായി സംപ്രേഷണംചെയ്തിരുന്നു.
ചാനലിന്റെ വെബ് സൈറ്റിലും പ്രധാന്യത്തോടെ വാര്‍ത്ത ഇടംപിടിച്ചു. വാര്‍ത്ത വിവാദമായതോടെ സംസ്ഥാനത്തെ ഒരുവിഭാഗം കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി.
സംഘ്പരിവാറിന്റെ പ്രധാന സാമ്പത്തിക സ്രോതസായ രാംദേവിനെതിരായ വാര്‍ത്ത സംബന്ധിച്ചു കഴിഞ്ഞദിവസം ആര്‍.എസ്.എസ് നേതൃത്വം ചാനലിനോടു വിശദീകരണവും തേടി. ഇതു ചാനല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് പിള്ളയുടെ രാജിക്കത്തിലാണ് കലാശിച്ചത്.
ആറന്‍മുള വിമാനത്താവളത്തിനു പകരമായി പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ സംഘടനയ്ക്ക് പിരിവ് നടത്താന്‍ ഒത്താശ ചെയ്യുന്ന രീതിയില്‍ ചാനലില്‍ സ്‌പോണ്‍സേഡ് പരിപാടി പ്രക്ഷേപണം ചെയ്തതിനെ ചൊല്ലി ആര്‍.എസ്.എസില്‍ തര്‍ക്കം നിലനില്‍ക്കെയാണ് രാംദേവിനെതിരായ വാര്‍ത്തയും വന്നത്.
ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ഇടപെട്ട് വെബ്‌സൈറ്റില്‍ നിന്ന് വാര്‍ത്ത നീക്കിയെങ്കിലും വിശദീകരണം തേടി കേന്ദ്ര നേതൃത്വം ഇടപെട്ടതാണ് വിവാദം രൂക്ഷമാക്കിയത്. മലയാളത്തിലെ ചില ചാനലുകളില്‍ പതഞ്ജലിയുടെ പരസ്യം വരുന്നുണ്ട്. എന്നാല്‍ ജനം ടി.വിക്കു ഈ പരസ്യം ലഭിക്കാത്തതിനാലാണ് വാര്‍ത്ത പ്രക്ഷേപണം ചെയ്തതെന്നാണ് ചാനലിന്റെ തലപ്പത്തുള്ളവര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."