ഡല്‍ഹി വംശഹത്യ: അഞ്ച് കുടുംബങ്ങളുടെ വീട് പുനരുദ്ധാരണവും വിദ്യാഭ്യാസ ചെലവും വനിതാ ലീഗ് ഏറ്റെടുത്തു
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയില്‍ ശിവ് വിഹാറില്‍ നിന്ന് അഭയം തേടിയെത്തിയ അഞ്ച് കുടുംബങ്ങളുടെ വീട് പുനരുദ്ധാരണവും അവരുടെ മക്കളില്‍ എട്ട് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവും വനിതാ ലീഗ് ഏറ്റെടുത്തു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വനിതാ ലീഗ് ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സു, ഭാരവാഹികളായ റോഷ്നി ഖാലിദ് കണ്ണൂര്‍, സറീന ഹസീബ്, സബീന മറ്റപ്പള്ളി, ബ്രസീലിയ ശംസുദ്ദീന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.കെ സീനത്ത് എന്നിവരാണ് കലാപ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
ശിവ് വിഹാറില്‍ കലാപകാരികള്‍ തകര്‍ത്ത വീട് വിട്ട് ഇന്ദ്ര വിഹാറില്‍ അഭയം തേടിയ ഫാറൂഖ് ഖാന്, മുഹമ്മദ് ഇസ്ലാം, സല്മാന് ഖാന്, മുഹമ്മദ് ഹുസൈന്, സല്മാന് ഖാന് എന്നിവരുടെ വീടുകളുടെ പുനരുദ്ധാരണവും ഇവരുടെ എട്ട് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവുമാണ് സംസ്ഥാന വനിതാ ലീഗ് കമ്മിറ്റി ഏറ്റെടുത്തത്. അഭയം തേടിയ അഞ്ച് കുടുംബങ്ങളിലെ എട്ട് വിദ്യാര്‍ഥികളില്‍ ഒരു എസ്.എസ്.എല്‍.സി വിദ്യാര്‍ഥിനിയുമുണ്ട്. പരീക്ഷാ ഹാള്‍ ടിക്കറ്റുള്‍പ്പെടെ വീട്ടുകാരുടെ എല്ലാ രേഖകളും കത്തിനശിച്ചിട്ടുണ്ട്.
ജാഫറാബാദ്, ഗോകുല്‍പുരി, ചാന്ദ് ബാഗ്, മുസ്തഫാബാദ്, ശിവ് വിഹാര്‍ എന്നീ ഭാഗങ്ങളിലെ കലാപത്തിന് ഇരയായ ഒട്ടേറെ കുടുംബങ്ങളെയും റിലീഫ് ക്യാംപുകളും അക്രമികള്‍ തകര്‍ത്ത ഫാറൂഖിയ പള്ളിയും മറ്റും സംഘം സന്ദര്‍ശിച്ചു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ. വി.കെ. ഫൈസല്‍ ബാബു, ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ഷിബു മീരാന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റുമാരായ പി.വി. അഹമ്മദ് സാജു, സിറാജ് നദ്വി, ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം, ട്രഷറര്‍ ഖാലിദ് റഹ്മാന് എന്നിവരും അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."