പണമില്ലാതെ ഫ്രീസറില്‍ സൂക്ഷിച്ച പ്രവാസിയുടെ മൃതദേഹത്തിന് മോചനം; മക്കാ കെ.എം.സി.സി ബാധ്യത തീര്‍ക്കും
#അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: ആശുപത്രി ബില്ലടക്കാന്‍ വഴികാണാതെ ഒന്നര മാസമായി മക്കയിലെ ഹോസ്പിറ്റലില്‍ ഫ്രീസറില്‍ സൂക്ഷിച്ച കണ്ണൂര്‍ തളിപ്പറമ്പ് പുളിയം പറമ്പില്‍ സ്വദേശി ഇസ്മായിലിന്റെ മൃതദേഹം ഖബറടക്കാനുള്ള നടപടികള്‍ തുടങ്ങി. ആശുപത്രി പരിചരണമടക്കം വന്‍തുക ബാധ്യതയായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇദ്ദേഹത്തിന്റെ മയ്യിത്ത് ഖബറടക്കനുള്ള നടപടികള്‍ക്ക് മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയയാണ് സഹായഹസ്തം നീട്ടിയത്. മുഴുവന്‍ ബാധ്യതകളും തീര്‍ത്ത് മയ്യിത്ത് മറവ് ചെയ്യുമെന്ന് കുഞ്ഞുമോന്‍ കാക്കിയ അറിയിച്ചു.
റിയാദില്‍ നിന്നും ഉംറക്കെത്തിയ ഇസ്മായില്‍ ഹറമില്‍ കുഴഞ്ഞ് വീണതിനെതുടര്‍ന്നാണ് മക്കയിലെ കിംഗ് അബ്ദുല്‍അസീസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച്ചയോളം ഹോസ്പിറ്റലില്‍ കിടന്ന ഇസ്മായില്‍ മരണപ്പെടുകയും ആരുടെയും ശ്രദ്ധയില്‍പെടാതെ ഒന്നര മാസത്തോളം മൃതദേഹം ഹോസ്പിറ്റലിലെ ഫ്രീസറില്‍ കിടക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കൈവശം രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍ പൊലിസെത്തി കൈരേഖ പരിശോധിച്ചപ്പോഴാണ് സ്‌പോണ്‍സറെ കണ്ടെത്തിയത്. അടുത്ത ബന്ധുക്കള്‍ ആരും സഊദിയില്‍ ഇല്ലാത്തതും സ്‌പോണ്‍സര്‍ ഹുറൂബാക്കിയതിനാലും (കാണാനില്ലെന്ന് പ്രഖ്യാപിക്കല്‍) മരണവിവരം പുറത്തെത്താന്‍ വൈകി.
കഴിഞ്ഞ ദിവസമാണ് ദുരവസ്ഥ പുറത്തറിഞ്ഞത്. വിവരമറിഞ്ഞയുടെ മക്കാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹോസ്പിറ്റലിലെത്തുകയും സ്‌പോണ്‍സറെ കണ്ടെത്തി വിവരമറിയിച്ചെങ്കിലും ബില്ലടക്കാന്‍ സ്‌പോണ്‍സര്‍ കൂട്ടാക്കിയില്ല. ആശുപത്രി രേഖകളിലുള്ള 25,000 റിയാലോളം (4,75,616 രൂപ) ബില്‍ അടച്ചാല്‍ മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ടുകൊടുക്കുമെന്നു നേരത്തെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഈ തുക കണ്ടെത്താന്‍ കഴിയാതെ കുടുംബം എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് സഊദി നാഷണല്‍ കെ.എം.സി.സി ട്രഷററും മക്കാ കെ.എം.സി.സി പ്രസിഡണ്ട് കൂടിയായ കുഞ്ഞുമോന്‍ കാക്കിയ്യ ആശുപത്രി ബില്ല് മുഴുവന്‍ അടച്ച് തീര്‍ത്ത് മയ്യിത്ത് മറവ് ചെയ്യാന്‍ മുന്നോട്ട് വന്നത്. ഹോസ്പിറ്റലിലെ ബാധ്യത തീര്‍ക്കാന്‍ വഴി തെളിഞ്ഞതോടെ എത്രയും പെട്ടെന്ന് ഇസ്മായിലിന്റെ മൃതദേഹം മറവ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ മക്കാ കെ.എം.സി.സി പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."