സഭക്കെതിരേയുള്ള അപവാദ പ്രചാരണം നിയമപരമായി നേരിടും: പാസ്റ്ററല്‍ കൗണ്‍സില്‍
മാനന്തവാടി: കൊട്ടിയൂര്‍ പീഡന സംഭവത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്കും നിയമവ്യവസ്ഥക്കും പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടും സഭാസമൂഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനെ വിശ്വാസസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ അടിയന്തരയോഗം.
വിശുദ്ധജീവിതം നയിക്കുന്ന ആയിരക്കണക്കിന് വൈദികരെയും സന്യാസിനികളെയും സംശയത്തിന്റെ പുകമറക്കു പിന്നില്‍ നിര്‍ത്തി മനപൂര്‍വം അവഹേളിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.
സത്യവിരുദ്ധമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് നിയമവിദഗ്ദരുടെ സമിതിയെ ചുമതലപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
കൊട്ടിയൂര്‍ ഇടവകയില്‍ നടന്ന സംഭവത്തില്‍ രൂപതാനേതൃത്വം തുടക്കംമുതലേ കൈക്കൊണ്ട നിലപാടുകള്‍ പ്രശംസനീയമാണ്. ഈ വിഷയത്തില്‍ രൂപതാധികാരികള്‍ കൈക്കൊണ്ട നടപടികള്‍ വിശ്വസനീയവും സുതാര്യവുമായിരുന്നുവെന്ന് സമിതി വിലയിരുത്തി.
സഭാധികൃതര്‍ക്കും സംവിധാനങ്ങള്‍ക്കും എതിരെ നിക്ഷിപ്ത താത്പര്യങ്ങളോടെയുള്ള നീക്കങ്ങളെ എന്തു വിലകൊടുത്തും തടയുമെന്നും ഇക്കാര്യത്തില്‍ സഭാനേതൃത്വത്തിന് സകല പിന്തുണയും നല്‍കുമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു.
രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷനായ യോഗത്തില്‍ അംഗങ്ങളായ അഡ്വ. ജോര്‍ജ് ജോസഫ്, അഡ്വ ടി ജോര്‍ജ്, എന്‍.ഡി അപ്പച്ചന്‍, പി.എം ജോയി, കെ.എല്‍ പൗലോസ്, ജോണ്‍സണ്‍ തൊഴുത്തിങ്കല്‍, സജിമാത്യു നരിവേലില്‍, ബെന്നി വെട്ടിക്കല്‍, അഡ്വ ബാബു സിറിയക്, ജോസ് പള്ളത്ത്, സാലു മേച്ചേരില്‍, ഗ്രേസി ജേക്കബ്, ബീന ജോസഫ്, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."