അരീക്കോട് താലൂക്ക് ആശുപത്രിക്ക് പുതുജീവന്‍
അരീക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി കിഫ്ബി മുഖേന ചെയ്യുന്ന പ്രവൃത്തികളില്‍ അരീക്കോട് താലൂക്ക് ആശുപത്രിയെ ഉള്‍പ്പെടുത്താന്‍ തീരുമാനം. പി.കെ ബഷീര്‍ എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
ഇതിനായി 30 കോടി രൂപയുടെ വിശദമായ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കിഫ്ബിയുടെ അനുമതിക്കായി നല്‍കാന്‍ പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിനെ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി ചുമതലപ്പെടുത്തി കഴിഞ്ഞ ഒക്ടോബര്‍ 29ന് ഉത്തരവായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ഇന്‍കെല്‍ ചീഫ് എന്‍ജിനീയര്‍ പ്രേംകുമാര്‍ ശങ്കരപണിക്കരും സംഘവും ആശുപത്രി സന്ദര്‍ശിച്ചു. വിശദമായ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി നല്‍കാന്‍ സംഘം നിര്‍ദേശം നല്‍കി. ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ദിവസവും നൂറുകണക്കിനു രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് എം.എല്‍.എയുടെ ഇടപെടലുണ്ടായിരുന്നത്.
ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും സ്ഥല പരിമിതിയും ചികിത്സ തേടിയെത്തുന്ന രോഗികളെ വലക്കുകയാണ്. ആശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. അരീക്കോട് ടൗണില്‍ തന്നെ സ്ഥിതി ചെയ്യുന്ന ആശുപത്രിയായതിനാല്‍ അപകടം സംഭവിച്ചവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്രയിക്കാവുന്ന രൂപത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം തുടങ്ങണമെന്ന ആവശ്യം ദീര്‍ഘകാലമായി ഉയരുന്നുണ്ടെങ്കിലും ആവശ്യമായ നടപടികള്‍ കൈകൊള്ളാന്‍ അധികൃതര്‍ തയാറായിരുന്നില്ല.
ഇന്‍കെല്‍ സംഘത്തില്‍ ഇന്‍കെല്‍ എ.ജി.എം എസ്. മീര, ബയോ മെഡിക്കല്‍ വിഭാഗത്തിലെ എ. സാജുദ്ദീന്‍, ആര്‍ക്കിടെക്റ്റ് നവീന്‍, എം.ഇ.പി മാനേജര്‍ ആര്‍ദ്രര്‍ ഷാരോണ്‍, എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ കലയരസി എന്നിവരുമുണ്ടായിരുന്നു. സൂപ്രണ്ട് ഡോ. മൊയ്തീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് എം.പി രമ, വൈസ് പ്രസിഡന്റ് ഉമ്മര്‍ വെള്ളേരി, സി. അബ്ദുര്‍റഹിമാന്‍ മാസ്റ്റര്‍, പ്രിയ, എ.ഡബ്ലിയു അബ്ദുര്‍റഹിമാന്‍, എം. സുല്‍ഫിക്കര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."