റോഡുകള്‍ മാലിന്യം തള്ളാനുള്ള സ്ഥലമല്ല: മന്ത്രി മെഴ്‌സിക്കുട്ടിയമ്മ
കൊല്ലം: റോഡുകള്‍ മാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലമല്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങളില്‍ വ്യാപകമായ തെറ്റിദ്ധാരണയുണ്ടെന്നും മന്ത്രി മെഴ്‌സിക്കുട്ടിയമ്മ. കൊല്ലം പ്രസ്‌ക്ലബിന്റെ സ്ഥാപകരില്‍ പ്രധാനിയും മുന്‍ പത്രപ്രവര്‍ത്തകനുമായ പി.കെ.തമ്പിയുടെ 18-ാം അനുസ്മരണത്തിന്റെ ഭാഗമായി പ്രസ് ക്ലബ് സംഘടിപ്പിച്ച 'വിഷം തീണ്ടിയ അഷ്ടമുടി'എന്ന സെമിനാര്‍ ഉദഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി പൊതുനിരത്തില്‍ ഉപേക്ഷിക്കുന്ന മലയാളികളുടെ സംസ്‌കാരത്തിന് മാറ്റമുണ്ടായേതീരു. ഉറവിട മാലിന്യ സംസ്‌കരണം ശീലമാക്കണം. പ്ലാസ്റ്റിക് എവിടെ കളഞ്ഞാലും ഒരിക്കലും അഴുകുന്നതല്ല. ഇതുകാരണം കൊതുകുകള്‍ പെറ്റുപെരുകുകയും മനുഷ്യര്‍ക്ക് തന്നെ രോഗങ്ങള്‍ വരികയും ചെയ്യും. പ്രാദേശിക ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതുവഴി ശുചിത്വമുള്ള നാടും വീടും ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായി. അഷ്ടമുടി കായലിന്റെ മാലിന്യ മുക്തിക്കായി കോര്‍പ്പറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മേയര്‍ രാജേന്ദ്രബാബു പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അഷ്ടമുടിക്കായലിനെ സംരക്ഷിക്കാനും പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനും സാധിക്കുമെന്നും ആധുനിക അറവുശാല ഉടന്‍ സ്ഥാപിക്കുമെന്നും മേയര്‍ പറഞ്ഞു. എന്തു ചെയ്തു എന്നതിലല്ല ഇനി എന്തു ചെയ്യാമെന്നാണ് ചിന്തിക്കേണ്ടതെന്നു ജില്ലാപഞ്ചായത്തു മുന്‍ പ്രസിഡന്റ് എസ്.ജയമോഹന്‍ പറഞ്ഞു. അഷ്ടമുടിക്കായലിന്റെ മാലിന്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്‌സ്‌റ്റേഷനില്‍ നിന്നുള്ള ഓയിലിന്റെ അവശിഷ്ടങ്ങളും പ്രധാന പങ്കുവഹിക്കുന്നു. കായലിലെ കൈയേറ്റം തടയാനും കായലിന്റെ രക്ഷക്കായും കായലിന്റെ തീരത്തുകുടി റോഡു നിര്‍മിക്കണം. കണ്ടല്‍കാടുകള്‍ വച്ചുപിടിപ്പിച്ചു കായലിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പു.ക.സ ജില്ലാപ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണന്‍, ഡി.റ്റി.പി.സി സെക്രട്ടറി കെ. പ്രസാദ്, പ്രസ്‌ക്ലബ് സെക്രട്ടറി ഡി.ജയകൃഷ്ണന്‍,ജോയിന്റ് സെക്രട്ടറി പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൊല്ലത്തിന്റെ വികസനത്തിനു അഷ്ടമുടിയുടെ സംരക്ഷണം ആവശ്യമാണെന്നും വിഷം തീണ്ടിയ അഷ്ടമുടിയെ രക്ഷിക്കാന്‍ പ്രവര്‍ത്തികളാണ് ആവശ്യമെന്നും സെമിനാര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."