ദേവനന്ദയുടെ മരണം: ഫൊറന്‍സിക് പരിശോധനാഫലം കാത്ത് പൊലിസ്
കൊല്ലം: ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ആറു വയസുകാരി ദേവനന്ദനയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഫൊറന്‍സിക് പരിശോധനാഫലവും കാത്ത് അന്വേഷണസംഘം.
കഴിഞ്ഞദിവസം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിനു കൈമാറുമെന്നായിരുന്നു വിവരം ലഭിച്ചത്. പൊലിസിന്റെ അഭ്യര്‍ഥന മാനിച്ചായിരുന്നു ഫൊറന്‍സിക് സംഘം തെളിവെടുപ്പ് നടത്തിയത്. മൃതദേഹം കണ്ടെത്തി രണ്ടാഴ്ചയായിട്ടും സംഭവത്തിലെ ദൂരുഹത ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. കുട്ടി പുഴയില്‍ തനിയെ വീണതല്ലെന്ന നിഗമനം ശക്തമാക്കുന്നതാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി.
ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറില്‍ ഏതു ഭാഗത്താണ് കുട്ടി ആദ്യം വീണതെന്നതിനു വ്യക്തമായ ഉത്തരം നല്‍കാന്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടിനു കഴിയും. ആറ്റിലെ വിവിധ ഭാഗങ്ങളിലെ വെള്ളവും ചെളിയും ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. കുട്ടിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ ചെളിയും വെള്ളവും ഇതില്‍ ഏതു ഭാഗത്തേതിനു സമാനമാണെന്നാണ് വിശദമായി പരിശോധിച്ചത്. മൃതദേഹം കണ്ട താല്‍കാലിക തടയണയുടെ ഭാഗത്തു മാത്രമാണ് കുട്ടിയെ കാണാതായ ദിവസം മുങ്ങല്‍ വിദഗ്ധര്‍ കൂടുതല്‍ തെരച്ചില്‍ നടത്തിയത്.
28ന് രാവിലെ ഇതിനു സമീപത്തുതന്നെ മൃതദേഹം കണ്ടെത്തുകയുമുണ്ടായി. കുട്ടിയുടെ അമ്മ ധന്യയുടെ ഷാളും ഇതിനടുത്തു നിന്നാണ് കണ്ടെത്തിയത്.
വീടിന് 70 മീറ്ററോളം അകലെയുള്ള കുളിക്കടവിലാണ് കുട്ടി വീണതെങ്കില്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ ഇല്ലാതെ തടയണ വരെയുള്ള ദൂരം എത്താനാവില്ല. ഫൊറന്‍സിക് പരിശോധനാഫലം ലഭിക്കാതെ അന്വേഷണ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനും കഴിയില്ല. പൊലിസ് അന്‍പതിലധികംപേരുടെ മൊഴിയെടുത്തിരുന്നു.
സംശയിക്കുപ്പെടുന്നവര്‍ പ്രത്യേകം നിരീക്ഷണത്തിലുമാണ്. എന്നാല്‍ അന്വേഷണം സംബന്ധിച്ച യഥാര്‍ഥ ചിത്രം പൊലിസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരണം കൊലപാതകമാണോ, കേസില്‍ ആരെങ്കിലും പൊലിസിന്റെ സംശയനിഴിലുണ്ടോ എന്നൊക്കെയുള്ള സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."