എസ്.എസ്.എല്‍.സി: ആദ്യദിനം അറബിയില്‍ വലഞ്ഞ് വിദ്യാര്‍ഥികള്‍
മഞ്ചേരി: പത്താംതരത്തിലെ ആദ്യ പരീക്ഷയില്‍ തന്നെ വിദ്യാര്‍ഥികളെ കുഴക്കി അറബിക് ചോദ്യപേപ്പര്‍. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളില്‍നിന്ന് വ്യത്യസ്തമായാണ് ചോദ്യങ്ങള്‍ തയാറാക്കിയത്. പത്താംതരം വിദ്യാര്‍ഥികള്‍ക്ക് അഭിമുഖീകരിക്കാവുന്ന ചോദ്യങ്ങളല്ല ഉള്‍പ്പെടുത്തിയതെന്ന ആക്ഷേപം ശക്തമാണ്.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പടെ ചോദ്യപേപ്പറിനെതിരേ രംഗത്തെത്തി. വിദ്യാര്‍ഥികളുടെ മികവ് മനസിലാക്കുന്നതിന് പകരം ചോദ്യകര്‍ത്താവിന്റെ കഴിവ് തെളിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അറബിക് അധ്യാപകര്‍ പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ ഗ്രാമറിന് പ്രാധാന്യം നല്‍കിയുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനാല്‍ പത്താംതരത്തില്‍ ഉള്‍പ്പെടെ അധ്യാപകര്‍ ഗ്രാമര്‍ പഠനത്തിന് മുന്‍തൂക്കം നല്‍കുന്ന പതിവില്ല.
എന്നാല്‍ ഇത്തവണത്തെ പരീക്ഷയില്‍ ഗ്രാമറിന് അധിക പ്രാധാന്യം നല്‍കിയുള്ള ചോദ്യങ്ങള്‍ കിട്ടിയതോടെ വിദ്യാര്‍ഥികള്‍ വലഞ്ഞു. 21 ചോദ്യങ്ങളില്‍ ചിലത് പൂര്‍ണമായും ഗ്രാമര്‍ പഠനത്തിലെ മികവ് പരിശോധിക്കുന്ന രീതിയിലായിരുന്നു.
ഗ്രാമറില്‍ നിന്ന് പത്തിലധികം മാര്‍ക്കുള്ള ചോദ്യങ്ങളാണ് അധികൃതര്‍ ഉള്‍പ്പെടുത്തിയത്. 36 മാര്‍ക്ക് നേടിയാല്‍ മാത്രമെ എ പ്ലസ് നേടാനാകൂ. ഇത്തരം ചോദ്യങ്ങളിലൂടെ എപ്ലസ് നേട്ടം ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍.
ഒരു പദ്യഭാഗം നല്‍കിയുള്ള ചോദ്യം വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കി. ചോദ്യപേപ്പറിലെ വാക്യഘടന വിദ്യാര്‍ഥികളെ വലച്ചു. ഡിഗ്രി തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന രീതിയിലാണ് ചോദ്യങ്ങള്‍ തയാറാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നു. പാദ വാര്‍ഷിക, അര്‍ധ വാര്‍ഷിക, മോഡല്‍ പരീക്ഷകളില്‍ സ്വീകരിച്ച രീതിയായിരുന്നില്ല ഇന്നലെ നല്‍കിയ ചോദ്യപേപ്പറിലേത്. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ പ്രകാരം പഠിച്ച വിദ്യാര്‍ഥികളെ നിരാശരാക്കുന്നതായിരുന്നു പരീക്ഷ. ഇത് കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടാന്‍ കാരണമായെന്നും തുടര്‍ന്നുള്ള പരീക്ഷകളെയും ഇത് ബാധിക്കാന്‍ ഇടയുണ്ടെന്നുമാണ് അധ്യാപകരുടെ വിലയിരുത്തല്‍. ആദ്യ പരീക്ഷയിലെ ചോദ്യങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."