ലഹരിക്കെതിരേ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മന്ത്രി ടി.പി രാമകൃഷ്ണന്
തിരുവനന്തപുരം: ലഹരിക്കെതിരേ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും എക്സൈസ്തൊഴില്‍ വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്. എല്ലാ വീടുകളിലും ലഹരി വിരുദ്ധ ബോധവത്ക്കരണ സ്റ്റിക്കര്‍ പതിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് നയമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍പ് നടത്തിയിരുന്ന സാക്ഷരതാ പ്രസ്ഥാനം പോലെ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ മദ്യവര്‍ജന പ്രസ്ഥാനം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമുക്തി എന്ന മദ്യ വര്‍ജന പ്രസ്ഥാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോട്പ നിയമം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ മദ്യവര്‍ജ്ജനമാണ് പ്രായോഗികമായ നിലപാടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെ. മുരളീധരന് എം.എല്‍.എ പറഞ്ഞു. വികാരപരമല്ലാതെ വിവേകത്തോടെ പ്രശ്നത്തെ സമീപിക്കാനാകണം. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വഴി ലഹരിയുടെ വേരറുക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. വിമുക്തി മിഷന് കോര്‍ഡിനേറ്റര്‍ റ്റി.വി.അനുപമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ വി.കെ.പ്രശാന്ത്, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാര്‍, ഫ്രാറ്റ് ജനറല്‍ സെക്രട്ടറി എം.എസ്.വേണുഗോപാല്‍, കൗണ്‍സില്‍ ഓഫ് റസിഡന്റസ്് അസോസിയേഷന് പ്രസിഡന്റ് കെ.എസ്.വിക്രമന്‍നായര്‍, എക്സൈസ് ജോയിന്റ് കമ്മീഷണര്‍ വി.അജിത്ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."