അമീറുല്‍ ഇസ്‌ലാം താമസിച്ചിരുന്നത് വൃത്തിഹീനമായ സ്ഥലത്ത്
പെരുമ്പാവൂര്‍: ജിഷയുടെ ഘാതകന്‍ അമീറുല്‍ ഇസ്‌ലാം താമസിച്ചിരുന്നത് വൃത്തിഹീനമായ സ്ഥലത്ത്. നാലുമുറികളുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. മലിനജലം ഒഴുകിവരുന്ന പടികളിലൂടെയാണു രണ്ടാംനിലയിലേക്ക് പ്രവേശിക്കേണ്ടത്. മാത്രമല്ല, പടികള്‍കയറിച്ചെല്ലുന്ന ഭാഗത്ത് മാലിന്യക്കൂമ്പാരവും മദ്യക്കുപ്പികളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. നാല് മുറികളിലായി 20 അന്യസംസ്ഥാനതൊഴിലാളികളാണ് ഇവിടെയുള്ളത്.
സംഭവം നടക്കുന്ന ഏപ്രില്‍ 28ന് അമീറുല്‍ ഇസ്‌ലാം ജോലിക്കു പോയിട്ടില്ലെന്ന് സുഹൃത്തുക്കള്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. വൈകിട്ട് മറ്റുള്ളവര്‍ ജോലികഴിഞ്ഞെത്തുമ്പോള്‍ അമീറുല്‍ മദ്യലഹരിയില്‍ മുറിയിലുണ്ടായിരുന്നു. എന്നാല്‍, സുഹൃത്തുക്കള്‍ സാധനം വാങ്ങാന്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ ഇയാളെ കാണാനില്ലായിരുന്നു. ഇയാള്‍ മടങ്ങിയെത്തുമെന്ന് കരുതി ഭക്ഷണമൊരുക്കി കാത്തിരുന്നെങ്കിലും തിരിച്ചുവന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ബംഗാള്‍ സ്വദേശിയാണ് ഇയാളുടെ ഭാര്യ. അഞ്ച് മാസംമുന്‍പാണ് കുറുപ്പംപടി വൈദ്യശാലപ്പടിയിലുള്ള ലോഡ്ജില്‍ ഇയാള്‍ താമസമാക്കിയത്. കുറുപ്പംപടി സ്വദേശിയായ ജോര്‍ജ് കളമ്പാട്ടുകുടി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഇരുനില കെട്ടിടം. എന്നാല്‍ തനിക്ക് അമീറുല്‍ ഇസ്‌ലാമിനെ പരിചയമില്ലെന്നും അവിടെ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വഴിയാണ് ഇയാള്‍ ഇവിടെയെത്തിയതെന്നും ജോര്‍ജ് പറഞ്ഞു. താന്‍ അന്വേഷണ സംഘവുമായി വേണ്ടവിധം സഹകരിച്ചിരുന്നു. ഇവിടെ താമസിച്ചിരുന്നവരുടെ വിവരങ്ങളും കൈമാറിയിരുന്നു. അമീറുല്‍ ഇസ്‌ലാമിനെ പിടികൂടിയ ശേഷമാണ് ഇയാള്‍ തന്റെ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്ന് അറിയുന്നതെന്നും ജോര്‍ജ് വ്യക്തമാക്കി.
അമീറുല്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട യാതൊരുവിധ തിരിച്ചറിയല്‍ രേഖകളും ഉടമയുടെ കൈവശമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷമായി താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി റാം പോള്‍ വഴിയാണ് ഇയാള്‍ ഇവിടെയെത്തിയതെന്ന് മറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ പറഞ്ഞു. ഏപ്രില്‍ 28ന് നാട്ടിലേക്കുപോകുമെന്ന് അമീറുല്‍ മറ്റുള്ളവരോട് നേരത്തേതന്നെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."