ക്ഷേമ പെന്‍ഷനുകള്‍ നൂറ് രൂപ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപ വീതം പ്രതിമാസം വര്‍ധിപ്പിച്ചു. 1,100 രൂപയായിരുന്ന പെന്‍ഷന്‍ 1,200 രൂപയാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശരാശരി പ്രതിവര്‍ഷം 1964 കോടിരൂപയാണ് ക്ഷേമ പെന്‍ഷന് ചെലവഴിച്ചത്. 2018-19 ല്‍ 7,533 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. ഇതിലേക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം കഴിഞ്ഞ വര്‍ഷം ലഭിച്ചത് 150 കോടി മാത്രമാണെന്നും തോമസ് ഐസക് പറഞ്ഞു.
കൃഷിക്ക് 2500 കോടി
പ്രളയക്കെടുതിയില്‍നിന്ന് കൃഷിയെ കരകയറ്റാന്‍ 2,500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതില്‍ 770 കോടി രൂപ സംസ്ഥാന പദ്ധതിയില്‍നിന്നാണ്. 282 കോടി രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍നിന്ന് ലഭ്യമാക്കും.
200 കോടി രൂപ വിദേശ ധനസഹായ പദ്ധതികളില്‍നിന്നു കണ്ടെത്തും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍നിന്ന് 1,000 കോടി കൃഷിക്കായി നീക്കിവയ്ക്കും. 167 കോടി രൂപ ഭക്ഷ്യവിളകള്‍ക്കായി വകയിരുത്തി. ഇതിനു പുറമേ പച്ചക്കറി കൃഷിക്കായി 71 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാലയ്ക്കായി 83 കോടി രൂപ അനുവദിച്ചു.
ഗുണമേന്മയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും ലഭ്യമാക്കുന്നതിനായി 25 കോടി രൂപ വകയിരുത്തി. എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 45 കോടിയും ആഗ്രോ സര്‍വിസ് സെന്ററുകള്‍ക്ക് 25 കോടിയും വകയിരുത്തി. സുഗന്ധവിളകള്‍ക്കായി 10 കോടി രൂപയും ഫലവൃക്ഷകൃഷിക്കായി 6 കോടിയും പൂകൃഷിക്കായി 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാന ക്രോപ്പ് ഇന്‍ഷ്വറന്‍സ് സ്‌കീം നടപ്പാക്കാന്‍ 20 കോടിയും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് 7.5 കോടിയും അനുവദിച്ചു. മാര്‍ക്കറ്റിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി 42 കോടി വകയിരുത്തി. ഇതില്‍ 20 കോടി രൂപ താങ്ങുവിലയ്ക്ക് വേണ്ടിയുള്ളതാണ്.
പ്രളയത്തെത്തുടര്‍ന്ന് മാറിമറിഞ്ഞ മണ്ണിന്റെ സ്വഭാവവും ഫലഭൂയിഷ്ടതയും തിരികെ കൊണ്ടുവരാന്‍ 29 കോടി രൂപ വകയിരുത്തി. മണ്ണിന്റെ സൂഷ്മ ഗുണങ്ങള്‍ പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക. കൂടാതെ മണ്ണ് സംരക്ഷണത്തിനായി 120 കോടി രൂപ അനുവദിച്ചു. ഇതില്‍ 48 കോടി രൂപ നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ളതാണ്. ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളെ ശക്തിപ്പെടുത്താന്‍ 5 കോടി രൂപ നീക്കിവച്ചു.
മൃഗപരിപാലനത്തിന് 450 കോടി
മൃഗപരിപാലന മേഖലയ്ക്ക് 450 കോടി രൂപ അനുവദിച്ചു. ഇതില്‍ 108 കോടി ഡയറി ഡിപ്പാര്‍ട്ട്‌മെന്റിനാണ്. വെറ്റിനറി സര്‍വകലാശാലയ്ക്ക് 75 കോടി രൂപ നല്‍കും. 100 കോടി ക്രോസ് ബ്രീഡിങ് എക്‌സ്‌ടെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തി. കന്നുകുട്ടി പരിപാലന പദ്ധതിക്ക് 60 കോടി രൂപയും സഹകരണ സംഘങ്ങള്‍ക്ക് ധനസഹായമായി 29 കോടി രൂപയും അനുവദിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ഡയറി പ്രോത്സാഹനത്തിനും കാലിത്തൊഴുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും 50 കോടി രൂപ വകയിരുത്തി. 27 കോടി രൂപ കേരള ഫീഡ്‌സിനും കാലിത്തീറ്റ സബ്‌സിഡിക്കുമായി അനുവദിച്ചു.
ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക്
109 കോടി
ഏറ്റവും വലിയ വികസനസാധ്യത പ്രതീക്ഷിക്കുന്ന ഉള്‍നാടന്‍ മത്സ്യമേഖലയ്ക്കായി 109 കോടി രൂപ നീക്കിവയ്ക്കും. കക്ക സഹകരണ സംഘങ്ങള്‍ക്കായി മൂന്ന് കോടി രൂപ അധികമായി വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."