വീട്ടുജോലിക്കുപോയ ബിരുദധാരിയായ മലയാളി യുവതി സഊദി അഭയകേന്ദ്രത്തില്‍
#നിസാര്‍ കലയത്ത്
ജിദ്ദ: അനധികൃതമായി സഊദിയിലേക്ക് ഗാര്‍ഹിക ജോലിക്ക് പോയി പീഡനത്തെ തുടര്‍ന്ന് മലയാളി യുവതി അഭയ കേന്ദ്രത്തില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവതിയാണ് ദമാമിലെ അഭയ കേന്ദ്രത്തിലുള്ളത്. സിവില്‍ എന്‍ജിനീയറിങില്‍ ബിരുദമുണ്ടെങ്കിലും നാട്ടില്‍ അമ്മയുടെയും അനുജന്മാരുടെയും കഷ്ടപ്പാട് കണ്ട് സഹിക്കാനാവാതെയാണ് ജീവിതമാര്‍ഗം തേടി ഇവര്‍ വീട്ടുജോലിക്കായി സഊദിയിലേക്ക് പോയത്.
35 വയസില്‍ താഴെയുള്ളവര്‍ക്ക് വീട്ടുജോലിക്കാരുടെ വിസയില്‍ വിദേശത്തേക്ക് പോകാനാവില്ല. അതിനാല്‍ ഒരു റിക്രൂട്ടിങ് ഏജന്‍സിയുടെ സഹായത്തോടെ അനധികൃതമായി സഊദിയിലേക്ക് കടക്കുകയായിരുന്നു. അച്ഛന്‍ ഉപേക്ഷിച്ച് പോയശേഷം വീട്ടുജോലിക്ക് പോയാണ് അമ്മ തന്നെയും രണ്ട് അനുജന്മാരെയും നോക്കുന്നത്.
വീട്ടിലെ ദുരിതം തീര്‍ക്കാനായി നാട്ടില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിക്ക് കയറി. പിന്നീടാണ് സഊദിയില്‍ വീട്ടുജോലിക്ക് പോകാന്‍ തീരുമാനമെടുത്തത്. ഓഫിസ് ജോലിയാണെന്നായിരുന്നു അമ്മയോട് പറഞ്ഞിരുന്നത്. 1500 റിയാല്‍ ശമ്പളം ലഭിക്കുമെന്ന് അറിഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ ഒന്നര വര്‍ഷം മുന്‍പ് സഊദിയിലെത്തുകയായിരുന്നു.
റിയാദിലെ ഒരു വീട്ടില്‍ ആദ്യമെത്തിയ യുവതി ഒരു വര്‍ഷത്തോളം ഇവിടെ ജോലി ചെയ്തു. വീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ ഇവിടെനിന്ന് രക്ഷപ്പെടുകയും ഏജന്‍സിയുടെ സഹായത്തോടെ മറ്റൊരു വീട്ടില്‍ ജോലിക്ക് കയറുകയുമായിരുന്നു. ഇവിടെ വീട്ടിലെ സ്ത്രീകളാണ് പീഡിപ്പിച്ചത്. ഇതിനിടെ പീഡന വിവരം അമ്മയെ അറിയിച്ചു. ഇതോടെ മകളെ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് അമ്മ സഊദിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടി.
ഇതിനിടെ ഇവിടെനിന്ന് രക്ഷപെട്ട് അഭയ കേന്ദ്രത്തിലെത്തുകയായിരുന്നു. യുവതി അഭയ കേന്ദ്രത്തിലുള്ള വിവരം സാമൂഹിക പ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടനും ഷാജി വയനാടുമാണ് കണ്ടെത്തിയത്. എക്‌സിറ്റ് വാങ്ങി ഉടന്‍ നാട്ടിലേക്ക് അയക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."