ആരോഗ്യമന്ത്രിയ്ക്ക് മീഡിയാ മാനിയ; ഇമേജ് ബില്‍ഡിങ് അവസാനിപ്പിക്കണം; കെ.കെ ശൈലജയ്ക്കെതിരെ രൂക്ഷവിമര്‍ശനമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിയ്ക്ക് മീഡിയാ മാനിയയാണ്. ഒരു ദിവസം പല തവണ അവര്‍ മാധ്യമങ്ങളെ കാണുന്നു. അത് ഒഴിവാക്കണം. ആരോഗ്യമന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബില്‍ഡിങ് അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സമൂഹ മാധ്യമങ്ങള്‍ വഴി പ്രതിപക്ഷത്തെ ആരോഗ്യ മന്ത്രി അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വീഴ്ചയുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിക്കേണ്ട ഏകവേദി നിയമസഭയാണ്. അതുകൊണ്ടാണ് പ്രതിപക്ഷം വീഴ്ചകള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തുകയാണ്. കഴിഞ്ഞ ദിവസം സഭയില്‍ നടന്ന സംഭവത്തിന്റെ വിഡിയോയിലെ പല ഭാഗങ്ങളും വെട്ടിയശേഷം അവര്‍ക്ക് ആവശ്യമുള്ളവ മാത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
കൊറോണയുടെ പശ്ചാത്തലത്തില്‍ സഭ നിര്‍ത്തിവെക്കുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ഇത് അനാവശ്യ ഭീതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാനാണ് വഴിവെക്കുക. ലോക്സഭയോ മറ്റ് സംസ്ഥാന നിയമസഭ സമ്മേളനങ്ങളോ കൊറോണ ഭീതിയുടെ പേരില്‍ നിര്‍ത്തിവെക്കുന്നില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."