പനയമുട്ടത്തെ സങ്കടക്കടലിലാക്കി സഹപാഠികളുടെ വിയോഗം
സാറ മുഹമ്മദ് എസ്
നെടുമങ്ങാട്: അപ്രതീക്ഷിതമായി രുന്നു ആ അപകട വാര്‍ത്ത പനയമുട്ടം എന്ന കൊച്ചുഗ്രാമത്തിലെത്തിയത്. തൊട്ടടുത്ത പ്രദേശമായ വഞ്ചുവത്ത് ലോറിയുമായി കൂട്ടിയിടിച്ചു പ്രദേശവാസികളും ആത്മസുഹൃത്താക്കളുമായ സഹപാഠികള്‍ക്കു പരുക്കേറ്റന്ന വാര്‍ത്തയായിരുന്നു അത്. ഒന്നും സംഭവിക്കരുതേ എന്നു പ്രാര്‍ഥിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയവര്‍ക്കു പക്ഷെ പരുക്കേറ്റ മണികണ്ഠന്‍ മരിച്ചുവെന്ന വാര്‍ത്തയാണ് ആദ്യം ലഭിച്ചത്. ഇതോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൗഫലിനായി പ്രാര്‍ഥന. എന്നാല്‍ വൈകുന്നേരത്തോടെ പനയമുട്ടം മസ്ജിദില്‍ നൗഫലിന്റെ മരണവും സ്ഥിരീകരിച്ചതോടെ ഗ്രാമം ഒന്നടങ്കം കണ്ണീരിലായി.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണു നാടിനെ നടുക്കിയ അപകടം നടന്നത്. ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയിടിച്ചാണ് പ്ലസ് ടു വിദ്യാര്‍ഥികളായ പനയമുട്ടം കോതകുളങ്ങര മൂഴി പ്ലാങ്കര മണികണ്ഠ വിലാസത്തില്‍ ബാലസുബ്രമണ്യന്‍, ശ്രീകല ദമ്പതികളുടെ മകന്‍ മണികണ്ഠന്‍ (17), പനയമുട്ടം എസ്.എന്‍ മന്‍സിലില്‍ നൗഷാദ്, റഹീന ദമ്പതികളുടെ മകന്‍ നൗഫല്‍ (17) എന്നിവര്‍ മരിച്ചത്. തൊളിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്നലെ സ്‌കൂളില്‍നിന്നു രണ്ടുപേരും സുഹൃത്തിന്റെ ആക്ടീവ സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങവേയാണ് അപകടം.
തിരുവനന്തപുരം തെങ്കാശി അന്തര്‍ സംസ്ഥാനപാതയില്‍ വഞ്ചുവം മുസ്‌ലിം പള്ളിക്കു സമീപത്തെ കൊടുംവളവിലായിരുന്നു അപകടം. പാലോട് ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ഇവര്‍ എതിരേ വരികയായിരുന്ന ലോറിയിലിടിച്ചു കയറുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ് ചോരയില്‍ കുളിച്ച് റോഡില്‍ കിടന്ന ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വളവില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നറിയുന്നു. ആത്മസുഹൃത്തുക്കള്‍ കൂടിയായ ഇരുവരും സ്‌കൂളിലെ പരിപാടികളിലും സജീവമാണ്. മണികണ്ഠന്‍ ചെണ്ടമേളത്തിലും മറ്റു പരിപാടികളിലും സ്‌കൂളിനു വേണ്ടി മത്സരിച്ചിട്ടുണ്ട്.
ഇരുവരുടെയും മരണവാര്‍ത്തയറിഞ്ഞ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും വിഷമത്തിലാണ്. നൗഫലിന്റെ മൃതദേഹം പനയമുട്ടം മുസ്‌ലിം ജമാഅത്തിലും മണികണ്ഠന്റെ മൃതദേഹം വീട്ടുവളപ്പിലും ഇന്നു സംസ്‌കരിക്കും. മണികണ്ഠന്റെ സഹോദരി ശ്രീലക്ഷ്മിയും നൗഫലിന്റെ സഹോദരി നൗഫിയയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."